Friday, September 15, 2017

മേല്പട്ട സ്ഥാനാരോഹണം / വാകത്താനം കാരുചിറെ ഗീവര്‍ഗീസ് റമ്പാന്‍*


1913 മകര മാസം 26-ന് പാത്രിയര്‍ക്കീസു ബാവായും മറ്റും ചെങ്ങന്നൂര്‍ പള്ളിയിലേക്ക് നീങ്ങത്തക്കവണ്ണം ഒരുങ്ങിയിരിക്കയാല്‍ കഥാനായകന്‍ കാലത്തെ തന്നെ തനതു വള്ളം പിടിച്ച് ചെങ്ങന്നൂര്‍ക്ക് പോകയും ഉച്ചകഴിഞ്ഞ് അവിടെ എത്തുകയും ചെയ്തു. അപ്പോള്‍ അവിടെ കോട്ടയത്തു നിന്നും കാതോലിക്കാ ബാവായും മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായും കാലത്തെതന്നെ എത്തീട്ടുണ്ടായിരുന്നു. മെത്രാച്ചനുമായി തമ്മില്‍ കണ്ടപ്പോള്‍ സ്ഥാനം ഏല്‍ക്കുന്നതിനെക്കുറിച്ച് പറകയും വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഇതില്‍നിന്നും കഥാനായകനെ ഒഴിച്ചുവിടണമെന്ന് അറിയിക്കയും സമ്മതിക്കാഞ്ഞതിനാല്‍ ദൈവേഷ്ടം പോലെ വരട്ടെ എന്നു വച്ച് സമ്മതിക്കയും ചെയ്തു. 4 മണിയോടു കൂടെ ബാവായും പരിവാരങ്ങളും വലിയ എതിരേല്‍പ്പോടെ അവിടെ വന്നുചേരുകയും ചെയ്തു. വന്നയുടനെ ബാവാ ചെങ്ങന്നൂര്‍ പള്ളിയുടെ വടക്കുവശത്ത് നന്നായി അടുത്തിരിക്കുന്ന പള്ളിയില്‍ കയറി പ്രാര്‍ത്ഥന കഴിക്കയും പിന്നീട് പഴയ വലിയപള്ളിയിലും എത്തി ലുത്തിനിയായും ഒരു ചെറിയ പ്രസംഗവും കഴിച്ച് അവിടെ താമസിക്കയും രാത്രി 9 മണി കഴിഞ്ഞ് സ്ഥാനം ഏല്‍ക്കുവാന്‍ നിശ്ചയിച്ചിരുന്നവരെ കൊണ്ട് ശല്‍മൂസായില്‍ ഒപ്പു വയ്പിക്കയും കൈമുത്തിക്കയും ചെയ്തു. സ്ഥാനം ഏല്‍ക്കേണ്ടവര്‍ രാത്രി നമസ്കാരം കൊണ്ടും മസുമൂറാ വായന കൊണ്ടും സമയം കഴിച്ചു. 

27-ന് കാലത്തെ എല്ലാവരും പള്ളിയകത്തിറങ്ങി നമസ്കാരം കഴിക്കയും ബാവാ കുര്‍ബാനക്കാരംഭിക്കയും ചെയ്തു. വിശ്വാസപ്രമാണം കഴിഞ്ഞ് സ്ഥാനം ഏള്‍ക്കുന്ന യൂയാക്കിം റമ്പാനെയും കഥാനായകനെയും ബാവായുടെ കൈ മുത്തിച്ചു കൊണ്ട് പള്ളിയുടെ വടക്കു വശത്ത് ബാവാ ഇരിക്കുന്നതിനായി കെട്ടിഒരുക്കിയിരുന്ന മുറിയിലേക്ക് കൊണ്ടുപോയി രണ്ട് കസേരയില്‍ തലയും മുഖവും ശോശാപ്പാ ഇട്ട് മൂടി ഇരുത്തുകയും ശേഷം പേര്‍ പള്ളിയകത്തേക്ക് പോയി കുര്‍ബാനയില്‍ സംബന്ധിക്കയും ബസുമുല്‍ക്കാ സമയത്ത് മെത്രാച്ചന്‍മാരും റമ്പാച്ചന്‍മാരും പട്ടക്കാരും ശെമ്മാശന്‍മാരും വടക്കേ മുറിയിലേക്ക് വന്ന് സ്ഥാനാര്‍ത്ഥികളെ മദ്ബഹായിലേക്കും മറ്റും കൊണ്ടുപോകയും കാതോലിക്കാ ബാവായും മെത്രാച്ചന്‍മാരും റമ്പാച്ചന്‍മാരും കൂടി പട്ടംകൊടയുടെ ക്രമം കഴിച്ചു തുടങ്ങുകയും ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ രണ്ടു പേരും പള്ളിനടയില്‍ വച്ച് സുറിയാനി ഭാഷയില്‍ ശല്‍മൂസാ വായിച്ച് സ്ഥാനാഭിഷേക സമയത്ത് യൂയാക്കിം റമ്പാന് ഈവാനിയോസെന്നും** കഥാനായകന് പീലക്സിനോസ് എന്നും നാമകരണം ചെയ്തു. അതു കഴിഞ്ഞ് എല്ലാവരും ഉക്സിയോസ മൂന്നു പ്രാവശ്യം ചൊല്ലി. അപ്പോള്‍ സ്ഥാനാര്‍ത്ഥികളെ കസേരയില്‍ ഇരുത്തി മേല്‍പ്പോട്ട് ഉയര്‍ത്തിയിരുന്നു. 

ഇവകളും കുര്‍ബാനയും കഴിഞ്ഞ് ബാവായും ശേഷം പേരും മുറിയിലേക്ക് പോകയും പുതിയ മെത്രാച്ചന്മാര്‍ എല്ലാവരേയും കൈമുത്തിക്കയും ചെയ്തശേഷം പുതിയ മെത്രാച്ചന്മാരെ ചുവപ്പ് ളോഹയും മറ്റും ധരിപ്പിച്ച് ബാവായുടെ അടുക്കലേക്കു കൊണ്ടുപോയി. "അല്‍ ഹൗതറഓയും" മറ്റും ചൊല്ലിയശേഷം ബാവാ അനുഗ്രഹിക്കയും കൈമുത്തിക്കയും ചെയ്തശേഷം എല്ലാവരും പിരിയുകയും ചെയ്തു. അന്ന് പുതിയ മെത്രാന്മാരുടെ വകയായി ഒരു സദ്യയും കൂടിയിരുന്ന പട്ടക്കാര്‍ക്കും മറ്റും കൊടുത്തു. പിന്നീട് ബാവായുടെയും പുതിയ മെത്രാന്മാരുടെയും മറ്റും ഒരു ഫോട്ടോ എടുക്കുകയും ചെയ്തു. അന്നു രാത്രി തന്നെ കഥാനായകന്‍ ചെങ്ങന്നൂര്‍ നിന്നും വാകത്താനത്തേക്ക് യാത്ര തിരിക്കയും ചെയ്തു.

വാകത്താനത്തു നിന്നും പലരും ചെങ്ങന്നൂര് എത്തിയിട്ടുണ്ടായിരുന്നു. 28-ന് തിങ്കളാഴ്ച 4 മണിക്ക് കഥാനായകന്‍ പിലാപ്പിള്ളില്‍ കടവില്‍ എത്തിയപ്പോള്‍ വാകത്താനത്തു നിന്നും ചിലര്‍ കളിവള്ളങ്ങളില്‍ വന്ന് എതിരേറ്റ് ആഘോഷമായി കൊണ്ടുവരികയും സന്ധ്യയ്ക്കു മുമ്പായി വാകത്താനത്ത് പള്ളിയില്‍ എത്തി ലുത്തിനിയായും ആശീര്‍വാദവും കഴിച്ച് ജനങ്ങളെ കൈമുത്തിക്കയും ആയത് കഴിഞ്ഞ് എല്ലാവരും പിരിയുകയും ചെയ്തു. പള്ളിക്കാര്‍ക്ക് മുന്നറിവൊന്നും കൊടുക്കാതിരുന്നിട്ടും അവരാല്‍ കഴിയുന്നിടത്തോളം പ്രയാസപ്പെട്ട് എതിരേല്‍പ്പ് മോടിയാക്കുവാന്‍ ശ്രമിക്കാതിരുന്നില്ല. അന്നേദിവസം വാകത്താനത്ത് പള്ളിയില്‍ ഒരു ഇംഗ്ലീഷ് പഠിത്തവും ആരംഭിച്ചു.

* പിന്നീട് മലങ്കരയിലെ രണ്ടാം കാതോലിക്കാ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍. അദ്ദേഹത്തിന്‍റെ സഭാജീവിത നാള്‍വഴി എന്ന ഡയറിക്കുറിപ്പുകളില്‍ നിന്നും.

** കരവട്ടുവീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസ് (1858 -1925). തുമ്പമണ്‍, കണ്ടനാട് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ. 1925 ജൂണ്‍ 6-ന് കാലം ചെയ്തു. പരുമല സെമിനാരിപ്പള്ളിയില്‍ കബറടക്കി.

No comments:

Post a Comment