Friday, September 15, 2017

സഭാസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനക്കല്ല് / പ. ഇഗ്നാത്തിയോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ്


പാത്രിയര്‍ക്കീസ് ബാവായുടെ പ്രസംഗം:

"നമ്മുടെ അനുഗ്രഹിക്കപ്പെട്ട മക്കളെ, ഇന്ന് ഇവിടെ നടന്നിട്ടുള്ളതായ കര്‍മ്മം എത്രയും മഹത്തരമായ ഒരു ദിവ്യശുശ്രൂഷയാകുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ കാണുന്നതിന് ആഗ്രഹിച്ചിരുന്നിട്ടു കാണാതിരുന്നതായ ഒരു സംഭവമാണ് ഇന്നു നടന്നിട്ടുള്ളത്. 

മലങ്കരയുള്ള നമ്മുടെ സഭ നമ്മുടെ കര്‍ത്താവേശുമിശിഹായുടെ പന്ത്രണ്ട് അപ്പോസ്തോലന്മാരില്‍ ഒരാളായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ടതാണ്. ഇവിടെ എല്ലാക്കാലത്തും അപ്പോസ്തോലിക കൈവെപ്പ് എന്നേക്കും നിലനില്‍ക്കത്തക്കവിധത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം ഇവിടെ സ്ഥാപിക്കുന്നതിനു ദൈവം സംഗതിയാക്കിയിരിക്കുന്നു.
മെത്രാന്‍സ്ഥാനം സ്വീകരിക്കുന്നതിനായി തുര്‍ക്കി രാജ്യം വരെ ഇവിടെ നിന്ന് ഇനിമേലില്‍ ആളുകള്‍ പോകേണ്ട ആവശ്യമില്ല. ഇപ്പോള്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന കാതോലിക്കാ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ കിഴക്കിന്‍റെ കാതോലിക്കായായി പൂര്‍വകാലത്തു സെലൂക്യയില്‍ ഭരിച്ചുവന്ന കാതോലിക്കായുടെ അനന്തരഗാമിയായി മോറാന്‍ മാര്‍ ബസേലിയോസ് എന്ന പേരോടുകൂടി വാഴിക്കപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ദീര്‍ഘായുസ്സോടിരിക്കട്ടെ. ഇദ്ദേഹത്തെക്കുറിച്ചു നിങ്ങള്‍ക്കും നിങ്ങളോടിദ്ദേഹത്തിനും ഹൃദയപൂര്‍വമായ സ്നേഹവും ഇദ്ദേഹത്തിന്‍റെ ഭരണം മൂലം മലങ്കരസഭയ്ക്കു പൂര്‍വാധികം ശ്രേയസ്സും ഉണ്ടാകുമാറാകട്ടെ.
കാതോലിക്കായ്ക്ക് വേണ്ടുംവണ്ണമുള്ള സര്‍വ ബഹുമാനങ്ങളും ഇദ്ദേഹത്തോടു നിങ്ങള്‍ കാണിക്കണം. ഇദ്ദേഹത്തെ അനുസരിക്കുകയും ഭക്തിപുരസ്സരം നിങ്ങള്‍ സ്മരിക്കുകയും ഇദ്ദേഹത്തില്‍നിന്ന് അപ്പോസ്തോലിക അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും വേണം. ഇദ്ദേഹത്തിന്‍റെ കാലശേഷം ഇവിടെയുള്ള മെത്രാപ്പോലീത്തന്മാര്‍ക്കു തന്നെ യോജിച്ച് ഒരു കാതോലിക്കായെ അഭിഷേകം ചെയ്യുന്നതിന് അധികാരമുള്ളതാണ്. മലങ്കരസഭ എന്നേക്കും സ്വതന്ത്രമായി നിലനില്‍ക്കുന്നതിന് ഇപ്പോള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കാതോലിക്കാ സിംഹാസനം സഹായിക്കട്ടെ. 

ഇതു നിങ്ങളുടെ സഭയുടെ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനക്കല്ലാകുന്നു. ഇങ്ങനെ നിങ്ങള്‍ക്കു കാതോലിക്കാ സിംഹാസനം സ്ഥാപിച്ചു തരുന്നതിനു നമ്മെ പ്രേരിപ്പിച്ചതായ കാരണം എന്തെന്നു പറയാം. തുര്‍ക്കി രാജ്യത്തുനിന്ന് ഇത്രടംവരെ വന്നെത്തുന്നത് എത്രമാത്രം പ്രയാസവും ആപല്‍ക്കരവും ആണെന്നുള്ളതാണ്. ഇത്രമാത്രം കഷ്ടപ്പാടുകള്‍ എല്ലാക്കാലത്തും മലങ്കരസഭാംഗങ്ങള്‍ അനുഭവിക്കണമെന്നു ശഠിക്കുന്നത് അക്രമവും അക്രൈസ്തവുമാകുന്നു.

പാത്രിയര്‍ക്കീസിന്‍റെ അധികാരങ്ങളെല്ലാം കാതോലിക്കായിക്കുമുണ്ട്. മെത്രാപ്പോലീത്തന്മാരെ വാഴിക്കുക മുതലായ സര്‍വവും കാതോലിക്കാമാരെക്കൊണ്ടു നിങ്ങള്‍ക്കു സാധിപ്പിക്കാവുന്നതാണ്. കാതോലിക്കായെ നിങ്ങള്‍ എല്ലാവിധത്തിലും ബഹുമാനിക്കുകയും ആദരിക്കുകയും വേണം."

(മലയാള മനോരമ, 1912 സെപ്റ്റംബര്‍ 18)

No comments:

Post a Comment