Friday, September 15, 2017

പൗരസ്ത്യ കാതോലിക്കാ ബാവാ അവര്‍കള്‍



മലങ്കര സുറിയാനി സമുദായത്തില്‍ അഭൂതപൂര്‍വ്വമായിട്ടുണ്ടായ "കാതോലിക്കാസ്ഥാനാഭിഷേക"ത്തെപ്പറ്റി ഞങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ അയച്ചുതന്ന വിവരണം ഇതില്‍ മറ്റൊരിടത്തു ചേര്‍ത്തിട്ടുണ്ട്. മലങ്കരനിന്നു ഇനിമേലാല്‍ മെത്രാസ്ഥാനം കൈക്കൊള്ളുന്നതിനു തുര്‍ക്കി രാജ്യത്തേക്ക് ആളുകള്‍ പോകേണ്ട ആവശ്യമില്ല. ഒരു കാതോലിക്കായുടെ കാലശേഷം ഇവിടെയുള്ള മെത്രാപ്പോലീത്തന്മാര്‍ക്കു വേറെ ഒരു കാതോലിക്കായെ അഭിഷേകം ചെയ്യാവുന്നതുമാണ്. മലങ്കര കാതോലിക്കാ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു എന്നുള്ളത് എത്രമാത്രം ചരിത്രപ്രധാനമായ ഒരു സംഗതിയാണെന്നും ഇതുമൂലം സുറിയാനിസഭയുടെ ഭാവിചരിത്രം എത്രകണ്ടു ഭേദപ്പെടാനിടയുണ്ടെന്നും മറ്റും ഉള്ളതു വിഷയങ്ങളെക്കുറിച്ചു സവിസ്തരം പിന്നാലെ പ്രസ്താവിച്ചുകൊള്ളാം.

സുറിയാനിക്രിസ്ത്യാനികളുടെ പ്രധാന പുരോഹിത ശ്രേഷ്ഠനായ അന്ത്യോഖ്യയിലെ "പാത്രിയര്‍ക്കീസ്" ബാവാ അവര്‍കള്‍ക്കുള്ള സര്‍വ അധികാരവലിപ്പങ്ങളോടുകൂടി ഒരു "കാതോലിക്കാ"ബാവാ അവര്‍കളെ ലഭിപ്പാന്‍ ഭാഗ്യമുണ്ടായിട്ടുള്ള മലങ്കരസഭയെ ഞങ്ങള്‍ പ്രത്യേകം അനുമോദിച്ചുകൊള്ളുന്നു. മലങ്കര മാര്‍ത്തോമ്മാ സിംഹാസനത്തിലേക്കു പൗരസ്ത്യ കാതോലിക്കായായി മോറാന്‍ മാര്‍ ബസേലിയോസ് എന്ന നാമത്തില്‍ അഭിഷേകം ചെയ്യപ്പെട്ട സമുദായപൂജ്യനായ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ അവര്‍കളേക്കാള്‍ ഇതിനര്‍ഹനായിട്ടു വേറെയാരും ഇന്നു മലങ്കര സഭയിലില്ലെന്നുള്ളതു തീര്‍ച്ചയാണ്. പുതുതായി വാഴിക്കപ്പെട്ട ഈ കാതോലിക്കാബാവാ അവര്‍കള്‍ അരോഗദൃഢഗാത്രനായി അനേകകാലം ജീവിച്ചിരുന്നു മലങ്കരസഭയ്ക്കും സമുദായത്തിനും ഉത്തരോത്തരം അഭിവൃദ്ധിയുണ്ടായി വരുവാന്‍ ദൈവം സംഗതി വരുത്തട്ടെ.

(മലയാള മനോരമ മുഖപ്രസംഗത്തില്‍ നിന്ന്. 1912 സെപ്റ്റംബര്‍ 18)

No comments:

Post a Comment