Friday, September 15, 2017

പൌരസ്ത്യ കാതോലിക്കാ സ്ഥാനം

(പ്രത്യേക റിപ്പോര്‍ട്ടര്‍)

നിരണം: മലങ്കര സുറിയാനി സമുദായാംഗങ്ങള്‍ വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരുന്നതും ഇതര സമുദായങ്ങളുടെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരുന്നതുമായ 'പൗരസ്ത്യ കാതോലിക്കാ സ്ഥാനദാനം', മാര്‍തോമ്മാശ്ലീഹായാല്‍ സ്ഥാപിതവും ചരിത്രപ്രസിദ്ധവുമായ നിരണത്തു പള്ളിയില്‍ വച്ച് ഇന്നലെ വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരിക്കുന്നു. ഇതിലേക്കായി അന്ത്യോഖ്യായുടെ മോറാന്‍ മാര്‍ ഇഗ്നാത്യോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍, മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍, മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ അവര്‍കള്‍, മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായവര്‍കള്‍ മുതലായവര്‍ നിരണത്തു പള്ളിക്കാരുടെയും വേറെ പല പള്ളിക്കാരുടെയും മറ്റും കേമമായ എതിരേല്പോടുകൂടി ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിരണത്തു പള്ളിയിലേക്കു വരികയുണ്ടായി. പരുമല സിമ്മനാരിയില്‍നിന്നു പ്രത്യേക ബോട്ടുമാര്‍ഗ്ഗം പന്നായിക്കടവില്‍ എത്തി അവിടെനിന്ന് ബാവാ അവര്‍കള്‍ മേനാവിലും മെത്രാപ്പോലീത്തന്മാര്‍ എല്ലാവരും മഞ്ചലിലുമായിരുന്നു യാത്ര ചെയ്തത്. കുട, കൊടി, പൊന്‍ വെള്ളി കുരിശുകള്‍ മുതലായ അലങ്കാരങ്ങളാലും പാണ്ടിവാദ്യം, തമ്പേര്‍ മുതലായ വാദ്യഘോഷങ്ങളാലും മറ്റും ഈ യാത്ര എത്രയും മനോഹരമായ നിലയില്‍ വളരെ ആഘോഷത്തോടുകൂടിയായിരുന്നു. 
മലങ്കരസഭയില്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത 'കാതോലിക്കാ' സ്ഥാനാഭിഷേകത്തില്‍ സംബന്ധിച്ച് 'അനുഗ്രഹം' പ്രാപിക്കുന്നതിനായി തെക്കുനിന്നും വടക്കുനിന്നും എന്നുവേണ്ടാ നാനാദിക്കുകളില്‍ നിന്നും അനവധിയാളുകള്‍ ശനിയാഴ്ച രാവിലെതന്നെ വരവു തുടങ്ങി. വൈകിട്ടു നമസ്ക്കാരസമയമായപ്പോഴേക്ക് പല സ്ഥലങ്ങളില്‍ നിന്നുമുള്ള ആളുകള്‍ എത്തിക്കഴിഞ്ഞു. എല്ലാവരുംകൂടി ബാവാ അവര്‍കളെ താമസസ്ഥലത്തുനിന്ന് എതിരേറ്റു പള്ളിയകത്തേക്ക് കൊണ്ടുവരികയും നമസ്ക്കാരത്തിനുശേഷം റമ്പാന്മാര്‍, കത്തനാരന്മാര്‍, ശെമ്മാശന്മാര്‍ മുതലായവരെല്ലാം ഈരണ്ടണിയായി കത്തിച്ച മെഴുകുതിരികളോടുകൂടി നിന്നു സുറിയാനി ഗാനങ്ങള്‍ ചൊല്ലി അദ്ദേഹത്തെ എതിരേറ്റു മുറിക്കകത്തേക്കു കൊണ്ടുപോകുകയും അവിടെവച്ച് ബാവാ അവര്‍കള്‍ എല്ലാവരെയും ആശീര്‍വദിക്കുകയും ചെയ്തു. ഇതിന്‍റെശേഷം ജനങ്ങളൊട്ടുമുക്കാലും പിരിഞ്ഞു. തദനന്തരം ഭക്ഷണം കഴിഞ്ഞു കാതോലിക്കാസ്ഥാനത്തിനു തിരഞ്ഞെടുക്കപ്പെട്ട മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായവര്‍കളെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായവര്‍കള്‍, മാര്‍ ഗ്രീഗോറിയോസു മെത്രാപ്പോലീത്തായവര്‍കള്‍, ഔഗേന്‍ റമ്പാനവര്‍കള്‍ (പിന്നീടു ഔഗേന്‍ കാതോലിക്കാബാവാ) ശീമ റമ്പാന്മാര്‍ മുതലായവര്‍ കൂട്ടിക്കൊണ്ട് ബാവാ അവര്‍കളുടെ മുറിയിലേക്കു പോകുകയും ബാവായെ കണ്ട് അനുവാദവും അനുഗ്രഹവും വാങ്ങിച്ച് തിരിച്ചുപോരികയും ചെയ്തു.

ഞായറാഴ്ച എട്ടു മണി കഴിഞ്ഞാല്‍പ്പിന്നെ പള്ളിയകത്തേക്ക് ആളുകളെ കയറ്റിവിടുന്നതല്ലെന്നു നിരണം യുവജനങ്ങള്‍ മുന്‍കൂട്ടി പരസ്യം ചെയ്തിരുന്നതനുസരിച്ചൊ എന്തോ രാവിലെ അഞ്ചു മണിക്കു മുമ്പെതന്നെ വിശേഷ മാതൃകയില്‍ നൂതനമായി പണി കഴിപ്പിച്ചിട്ടുള്ളതും ഏറ്റവും വിശാലവുമായ നിരണത്തു പള്ളിയകം മുഴുവനും ജനങ്ങളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു. ഏകദേശം അഞ്ചര മണിയോടുകൂടി നമസ്ക്കാരത്തിനു പ്രവേശിച്ചു. നമസ്ക്കാരം അവസാനിക്കാറായപ്പോഴേക്ക് പള്ളിയകവും പുറവും എല്ലാം ജനങ്ങളെക്കൊണ്ടു നിബിഡികൃതമായി എങ്കിലും ഇവരെയെല്ലാം ശരിയായി നിറുത്തുന്നതിലും കാരണമുണ്ടാകുമ്പോള്‍ ആളുകള്‍ക്ക് ഇറങ്ങിപ്പോകുന്നതിന് നടുവില്‍ക്കൂടി ഒരു വഴിയുണ്ടാക്കിക്കൊടുക്കുന്നതിലും ഏതാനും ചിലരുടെ നായകത്വത്തിന്‍ കീഴില്‍ ഇവിടെ പ്രത്യേകം നിയമിക്കപ്പെട്ടിരുന്ന വാളന്‍ററന്മാര്‍ ചെയ്ത ശ്രമം ഏറ്റവും അഭിനന്ദനീയമായിരുന്നു. ഏകദേശം എട്ടു മണിയോടുകൂടി ബാവാ അവര്‍കള്‍ കുര്‍ബാന അനുഷ്ഠിച്ചു. ശുശ്രൂഷാവേളയില്‍ ബാവാ അവര്‍കള്‍ മെത്രാപ്പോലീത്താ അവര്‍കളുടെ തലമേല്‍ കൈവച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും അംശവടി മുതലായവ ധരിപ്പിക്കുകയും ചെയ്ത് ഒരു കസേരയില്‍ ഇരുത്തി പൊക്കിക്കൊണ്ട് ബാവായും മെത്രാന്മാരും ശേഷം വൈദികജനങ്ങളും കൂടി 'ഒക്സിയോസ്' വിളിക്കുകയും ഇതു കൂടാതെ 'മദുബഹാ' മദ്ധ്യെയും തെക്കും വടക്കും കൊണ്ടുപോയി മൂന്നു പ്രാവശ്യം വീതം കസേരയില്‍ പൊക്കി 'ഒക്സിയോസ്' വിളിക്കുകയും നാലാമത്തെ പ്രാവശ്യം 'മദുബഹാ'യുടെ പടിഞ്ഞാറെ വാതുക്കല്‍ കൊണ്ടുവന്ന് കസേരയില്‍ പൊക്കിയുയര്‍ത്തിപ്പിടിക്കുകയും അവിടെവച്ച് മലങ്കര മാര്‍ത്തോമ്മാ സിംഹാസനത്തിലേക്ക് പൗരസ്ത്യ കാതോലിക്കായായി അപ്പോള്‍ വാഴിക്കപ്പെട്ട മോറാന്‍ മാര്‍ ബസ്സേലിയോസ് ബാവാ അവര്‍കള്‍ 'ഏവന്‍ഗേലിയോന്‍' വായിക്കുകയും ചെയ്തു. 

ഈ പ്രത്യേക "ശുശ്രൂഷ"യുടെ അവസാനത്തില്‍ ബാവാ അവര്‍കള്‍ സുറിയാനിയില്‍ ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തിന്‍റെ ചുരുക്കം ഇതോടെ ചേര്‍ക്കുന്നു.

പ്രസംഗവും കഴിഞ്ഞ് കുര്‍ബാനയുടെ ബാക്കി "ശുശ്രൂഷ"കളും തീര്‍ക്കുകയും അവസാനത്തില്‍ വൈദികന്മാര്‍ എല്ലാവരുംകൂടി 'കാതോലിക്കാബാവാ' അവര്‍കളെ കസേരയില്‍ ഇരുത്തി എടുത്തുകൊണ്ടു കുരിശു, കുട മുതലായ പല അലങ്കാരങ്ങളോടും ആഡംബരങ്ങളോടും വൈദികന്മാരെല്ലാം കത്തിച്ച മെഴുകുതിരികളെ പിടിച്ചുകൊണ്ടും സന്തോഷസൂചകമായ കുരുത്തോല ധരിച്ച അനേകായിരമാളുകളുടെ അകമ്പടിയോടും ആഹ്ലാദസൂചകമായ ആര്‍പ്പുവിളിയോടും ഇടയ്ക്കിടയ്ക്കുണ്ടായ ചീയേഴ്സ്സു വിളികളോടുംകൂടി പള്ളിക്കു പ്രദക്ഷിണം കഴിക്കുകയുണ്ടായി. 

ഇതുകഴിഞ്ഞശേഷം എല്ലാവരുംകൂടി പാത്രിയര്‍ക്കീസുബാവാ അവര്‍കളെയും കാതോലിക്കാബാവാ അവര്‍കളെയും അവരവരുടെ മുറികളില്‍ അകമ്പടിയോടുകൂടി കൊണ്ടുചെന്നാക്കുകയും അവരുടെ ആശീര്‍വാദങ്ങള്‍ സ്വീകരിച്ചുകൊണ്ടു വിശ്രമത്തിനായി പിരിയുകയും ചെയ്തു. ഏകദേശം മൂന്നു മണിയോടുകൂടി വീണ്ടും പള്ളിയില്‍ മണിയടിക്കുകയും എല്ലാവരും പള്ളിയകത്തു കൂടുകയും ദിവ്യശ്രീ. പൂവത്തൂര്‍ യാക്കോബു കത്തനാര്‍ അവര്‍കള്‍, മാര്‍തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതവും ചരിത്രപ്രസിദ്ധവുമായ നിരണത്തു പള്ളിയില്‍വെച്ച് അന്നു നടന്നിരിക്കുന്ന ഏറ്റവും മഹത്വവും ഉന്നതവുമായ സ്ഥാനമാഹാത്മ്യലബ്ധിയെപ്പറ്റി നാം എല്ലാവരും ദൈവത്തെ പ്രത്യേകം സ്തുതിക്കേണ്ടതാണെന്നും ഇതു മറ്റൊരു പള്ളിയിലും വെച്ചു നടക്കാതെ നിരണത്തുവെച്ചു നടന്നതില്‍ ഏതോ ദൈവികമായ മഹത്വവും രഹസ്യവുമുണ്ടെന്നും മറ്റും വിവരിച്ച് ഒരു പ്രസംഗം ചെയ്യുകയും ഇതിനെ തുടര്‍ന്ന് ദീവന്നാസ്യോസ് സിമ്മനാരി പ്രിന്‍സിപ്പാല്‍ റവ. ഫാദര്‍ പി. ടി. ഗീവറുഗീസ് എം. എ. (റോമാസഭയില്‍ ചേര്‍ന്ന മാര്‍ ഈവാനിയോസ് - ഗ്രന്ഥകാരന്‍) അവര്‍കള്‍ കാതോലിക്കാസ്ഥാനത്തെയും അതിന്‍റെ ചരിത്രപ്രസിദ്ധമായ ഖ്യാതിയേയും സ്ഥാനവലിപ്പത്തെയും മറ്റും പറ്റി ചരിത്രസാക്ഷ്യങ്ങളോടുകൂടി വേറൊരു പ്രസംഗം ചെയ്യുകയും ചെയ്ത് ഏകദേശം നാലു മണിയോടുകൂടി എല്ലാവരും പിരിഞ്ഞു.

ഇങ്ങനെ മലങ്കരസഭയിലെന്നു തന്നെയല്ല, ഇന്ത്യയില്‍ മറ്റെങ്ങും തന്നെ ഇതുവരെ നടന്നിട്ടില്ലാത്തതും സുറിയാനിസഭാ ചരിത്രത്തില്‍ തങ്കശിലാരേഖപോലെ ഒരിക്കലും മായാതെ എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്നതുമായ കാതോലിക്കാ സ്ഥാനാഭിഷേക കര്‍മ്മം സര്‍വ വിജയകരമായും  മംഗളകരമായും പരിണമിച്ചു എന്നു സസന്തോഷം പറയേണ്ടിയിരിക്കുന്നു. 

(മലയാള മനോരമ, 1912 സെപ്റ്റംബര്‍ 18)

No comments:

Post a Comment