Tuesday, September 15, 2020

കാതോലിക്കേറ്റ്: മലങ്കരയിലെ വെള്ളിനക്ഷത്രം / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

 



കാതോലിക്കേറ്റ്: മലങ്കരയിലെ വെള്ളിനക്ഷത്രം / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

മലങ്കരയിലെ കാതോലിക്കേറ്റിന്‍റെ പ്രസക്തി / ഡോ. എം. കുര്യന്‍ തോമസ്

 


കുപ്രസിദ്ധമായ ഉദയംപേരൂര്‍ സുന്നഹദോസിനും ഇന്ത്യയുടെ ആദ്യ ദേശീയ സ്വാതന്ത്ര്യസമരമായ കൂനന്‍കുരിശുസത്യത്തിനും ശേഷം ഒരു സ്വതന്ത്ര, പരമാധികാര, ദേശീയ സഭയായുള്ള മലങ്കര സഭയുടെ പുനര്‍ രൂപീകരണത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലുകളിലൊന്നായിരുന്നു 1912 സെപ്റ്റംബര്‍ 15 ഞായറാഴ്ച നിരണം വലിയപള്ളിയില്‍ നടന്ന കാതോലിക്കാ സ്ഥാനാരോഹണം. അന്ന് അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് അബ്ദുല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ നേതൃത്വത്തില്‍ മലങ്കര സുന്നഹദോസ്, മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ മാര്‍ ബസേലിയോസ് പൗലോസ് പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി വാഴിച്ചു. ചരിത്രത്തിന്‍റെ കറുത്ത നൂറ്റാണ്ടുകളിലെവിടെയോ മലങ്കരസഭയ്ക്ക് ഭാഗികമായി നഷ്ടപ്പെട്ട സ്വയംശീര്‍ഷകത്വത്തിന്‍റെ പുനഃസ്ഥാപനമായിരുന്നു ആ സംഭവം.

പ. മാര്‍ത്തോമ്മാ ശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ച ഏഴര പള്ളികള്‍ അഥവാ പ്രാദേശിക സഭകള്‍ എങ്ങനെ ഒരൊറ്റ സഭയായി വളര്‍ന്നുവെന്ന വസ്തുത ഇന്നജ്ഞാതമാണ്. ആദിമ നൂറ്റാണ്ടുകളില്‍ റോമ - പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെ സഭകള്‍ വളര്‍ന്ന് അധികാരശ്രേണി ഉണ്ടാക്കിയ  അതേ രീതിയില്‍ തന്നെയാവണം മലങ്കരസഭയിലും അത്തരമൊന്നുണ്ടായത്.

എന്നാല്‍ മറ്റു ക്രൈസ്തവ കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെട്ടു കിടന്നിരുന്ന മലങ്കരസഭയ്ക്ക് ആദ്യ സഹസ്രാബ്ദത്തിലെവിടെയോ തനത് വൈദീക പാരമ്പര്യം നഷ്ടപ്പെട്ടു. പക്ഷേ മലങ്കരസഭയ്ക്ക്  കൈത്താങ്ങലുമായി പേര്‍ഷ്യന്‍ സഭയെത്തി. അതോടെ മലങ്കരയിലെ മെത്രാപ്പോലീത്താ സ്ഥാനം വല്ലപ്പോഴുമെത്തുന്ന പേര്‍ഷ്യക്കാര്‍ക്കു മാത്രമായിച്ചുരുങ്ങി. പക്ഷേ പട്ടം കെട്ടുവാനും അപൂര്‍വമായി പുതിയ പള്ളികള്‍ കൂദാശ ചെയ്യുവാനുമല്ലാതെ നസ്രാണികള്‍ക്ക് അന്ന് മേല്പട്ടക്കാരുടെ ആവശ്യം ഇല്ലാതിരുന്നതിനാല്‍ മെത്രാന്മാരുടെ ഇടയ്ക്കിടയുള്ള അസാന്നിധ്യം അവര്‍ക്ക് പ്രശ്നമല്ലായിരുന്നു. സഭയുടെ ദൈനംദിന ഭരണത്തിനു പൂര്‍ണ അധികാരങ്ങളോടെ സ്വദേശിയായ അര്‍ക്കദ്യക്കോനുണ്ടായിരുന്നു. ഇന്ന് മെത്രാപ്പോലീത്താമാര്‍ കൈയ്യാളുന്ന അധികാരങ്ങള്‍ ഏതാണ്ട് മുഴുവനും അന്ന് ഇന്ത്യയൊക്കെയും അര്‍ക്കദ്യക്കോന്‍ എന്നറിയപ്പെട്ടിരുന്ന നസ്രാണികളുടെ ജാതിക്കു തലവനുണ്ടായിരുന്നു.

മെത്രാന്‍ വിദേശിയായിരുന്നെങ്കിലും മലങ്കരസഭ തനതായ ഒരു സ്വത്വം സൂക്ഷിച്ചിരുന്നു. മലങ്കരയിലെ പേര്‍ഷ്യന്‍ മേല്പട്ടക്കാരന്‍ പരിശുദ്ധ മാര്‍ തോമാശ്ലീഹായുടെ സിംഹാസനത്തില്‍ മെത്രാപ്പോലീത്തായും ഇന്ത്യയൊക്കയുടെയും വാതിലും എന്ന മഹത്തായ സ്ഥാനനാമത്തിലാണ് അറിഞ്ഞിരുന്നത്. 15-ാം നൂറ്റാണ്ടോടെ മലങ്കരയിലെ പേര്‍ഷ്യന്‍ മെത്രാന്‍മാര്‍ പാത്രിയര്‍ക്കീസ് എന്ന സ്ഥാനനാമത്തില്‍ അറിയപ്പെട്ടിരുന്നതായി ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതൊക്കെയും മലങ്കരസഭയുടെ സ്വതന്ത്രമായ വ്യക്തിത്വം പോര്‍ട്ടുഗീസ് യുഗത്തിനു മുമ്പു തന്നെ നിലനിന്നിരുന്നു എന്ന വസ്തുതയാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ 1498-ല്‍ ആരംഭിച്ച പോര്‍ട്ടുഗീസ് അധിനിവേശം സ്ഥിതിഗതികള്‍ ആകെ മാറ്റി മറിച്ചു. 16-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തോടെ മലങ്കരയിലേയ്ക്കുള്ള പേര്‍ഷ്യന്‍ മെത്രാന്മാരുടെ വരവു തടഞ്ഞു പോര്‍ട്ടുഗീസുകാര്‍ മലങ്കരസഭയുടെ ആത്മീയാധികാരം പിടിച്ചടക്കി. 1599 -ലെ ഉദയംപേരൂര്‍ സുന്നഹദോസിലൂടെ മലങ്കരസഭയെ ആത്മീയമായും ലൗകീകമായും റോമന്‍ കത്തോലിക്കാ സഭയുടെ കീഴിലാക്കി മലങ്കരയുടെ ഭരണം റോമന്‍ മെത്രാന്‍മാര്‍ ഏറ്റെടുത്തു. തദ്ദേശീയമായ അര്‍ക്കദിയാക്കോന്‍ സ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും അവര്‍ക്കതില്‍ വിജയിക്കാനായില്ല. ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമായി അത് നിലകൊണ്ടു. 54 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ കൂനന്‍കുരിശു സത്യത്തിന് വഴി വെച്ചത് ഈ സ്ഥാനത്തിന്‍റെ നിലനില്‍പ്പായിരുന്നു.

പോര്‍ത്തുഗീസ് കാലഘട്ടത്തിലെ റോമന്‍ കത്തോലിക്കാ അധിനിവേശം സഭാ വിജ്ഞാനത്തില്‍ അവരുടേതായ സരണിയും ഇവിടെ പ്രചരിപ്പിച്ചു. അതോടെ ഒരു എപ്പിസ്ക്കോപ്പായുടെ സാന്നിദ്ധ്യം ഇവിടെ സ്ഥിരമായി ഉണ്ടായിരിക്കേണ്ടത് സഭയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന ഒരു വിശ്വാസവും നസ്രാണികള്‍ക്കുണ്ടായി. പോര്‍ട്ടുഗീസ് കാലഘട്ടം പ്രദാനം ചെയ്ത ഉയര്‍ന്ന വ്യാപാര സാദ്ധ്യതകളും അതിലൂടെ ഉണ്ടായ സാമ്പത്തിക ഉന്നമനവും മലങ്കരയിലെ പള്ളികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂനന്‍കുരിശു സത്യത്തെ തുടര്‍ന്ന് തോമാ അര്‍ക്കദ്യക്കോനെ മേല്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

ഒരു പൗരസ്ത്യ മെത്രാനും മലങ്കരയില്‍ കാലുകുത്താതിരിക്കാനുള്ള സുരക്ഷാ സന്നാഹങ്ങള്‍ റോമന്‍ കത്തോലിക്കര്‍ സൃഷ്ടിച്ചിരുന്നു എന്ന വസ്തുത ഉര്‍വശീശാപം ഉപകാരമായി എന്നു പറഞ്ഞതുപോലെയാണ് മലങ്കര സഭയ്ക്ക് അനുഭവപ്പെട്ടത്. ഏതെങ്കിലും പൗരസ്ത്യ മെത്രാനെ അന്നു ലഭിച്ചിരുന്നെങ്കില്‍ മലങ്കരസഭയില്‍ ഒരിക്കലും നാട്ടു മെത്രാന്‍മാരുടെ ഒരു ശ്രേണി ഉണ്ടാവുകയില്ലായിരുന്നു.

കൂനന്‍കുരിശുസത്യത്തെ തുടര്‍ന്നുള്ള കാലത്ത് മേല്പട്ടസ്ഥാനത്തിനും സഭാ വിജ്ഞാനീയത്തിനും മലങ്കരസഭയ്ക്ക് അന്ത്യോഖ്യന്‍ സഭയെ ആശ്രയിക്കേണ്ടിവന്നു. പക്ഷേ അന്ത്യോഖ്യയുടെ അധീശത്വാവകാശവാദങ്ങള്‍ മലങ്കരസഭ വകവെച്ചു കൊടുത്തില്ല. മലങ്കര മെത്രാന്‍മാര്‍ മാര്‍ത്തോമ്മാ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ഇന്ത്യയൊക്കെയുടെയും വാതില്‍ എന്ന സ്ഥാനനാമം ഉപയോഗിക്കുകയും ചെയ്തു വന്നു. തന്‍റെ മേലധികാരം അംഗീകരിക്കണമെന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അഭ്യര്‍ത്ഥന അവര്‍ തള്ളിക്കളയുകയും ചെയ്തു.

1770-ല്‍ ആറാം മാര്‍ത്തോമ്മാ മെത്രാനെ അന്ത്യോഖ്യന്‍ മെത്രാന്‍മാര്‍ മാര്‍ ദീവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്താസ്ഥാനത്തേക്കുയര്‍ത്തി. സഭയിലെ വിഘടിത വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയിലാണ് അദ്ദേഹമതിനു സമ്മതിച്ചത്.  മാര്‍ത്തോമ്മാ എന്ന നാമത്തില്‍ അന്ത്യോഖ്യര്‍ക്കുള്ള അസഹിഷ്ണുതയായിരുന്നു ഈ സ്ഥാനോരോഹണത്തിന്‍റെ പിമ്പിലെ ഒരു കാരണം. പക്ഷേ തന്‍റെ പിന്‍ഗാമിയെ മാര്‍ത്തോമ്മാ ഏഴാമനായി വാഴിച്ചുകൊണ്ട് വലിയ മാര്‍ ദീവന്നാസ്യോസ് പാരമ്പര്യം നിലനിര്‍ത്തി. പിന്നീട് 1815 ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍, തൊഴിയൂര്‍ നിന്നും പട്ടമേല്‍ക്കുന്നതോടെയാണ് മലങ്കര സഭാദ്ധ്യക്ഷന്‍റെ സ്ഥാനം എപ്പിസ്ക്കോപ്പായില്‍ നിന്നും മെത്രാപ്പോലീത്താ സ്ഥാനത്തേക്കു സ്ഥിരമായി ഉയരുന്നതും മാര്‍ ദീവന്നാസ്യോസ് എന്നത് മലങ്കര  മെത്രാപ്പോലീത്തായുടെ സ്ഥാനപ്പേര് ആകുന്നതും.

മലങ്കര മെത്രാപ്പോലീത്താമാര്‍ ആരുടെയും കീഴ്സ്ഥാനികളായിരുന്നില്ല. അവര്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരുന്ന് മലങ്കരസഭയെ ഭരിയ്ക്കുകയും പിന്‍ഗാമികളെ വാഴിക്കുകയും ചെയ്തു. ഇതിന് ഒരു മാറ്റം വന്നത് പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് പരദേശത്തുപോയി അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍ നിന്നും പട്ടമേറ്റ് വന്നതോടെയാണ്. അതിനുശേഷമാണ് മലങ്കരയുടെ അന്ത്യോഖ്യന്‍ ബന്ധം ദൃഢതരമാകുന്നത്.  പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മേല്പട്ടസ്ഥാനമേറ്റതുമുതല്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ മലങ്കരസഭയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധീശത്വം ഉറപ്പാക്കുന്നതിനു കാരണമായി. മേല്പട്ടസ്ഥാനാരോഹണം തങ്ങളുടെ അവകാശമാണെന്നതായിരുന്നു അന്ത്യോഖ്യായുടെ 1665 മുതല്‍ എക്കാലത്തെയും അവകാശവാദം. ഏത് എപ്പിസ്ക്കോപ്പല്‍ സഭയെയും വരുതിയ്ക്കു നിര്‍ത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണത്. മലങ്കരസഭ എക്കാലത്തും ഈ നീക്കത്തെ ചെറുത്തു നിന്നിരുന്നു. തുടര്‍ന്ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമനു പാത്രിയര്‍ക്കീസില്‍ നിന്നും പട്ടമേല്‍ക്കേണ്ടി വന്നു.

ക്രമാനുസൃതം തെരഞ്ഞെടുക്കപ്പെടാതെ മേല്പട്ട സ്ഥാനമേറ്റ പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസിന് തന്‍റെ സ്ഥാനം സാധുവാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍ നിന്നും സ്ഥാനമേറ്റ വസ്തുത ഉയര്‍ത്തിപ്പിടിക്കേണ്ടിവന്നു. പിന്നീട് അദ്ദേഹം തന്നെ അത് നിഷേധിച്ചെങ്കിലും പാത്രിയര്‍ക്കീസ് അപ്പോഴേക്കും തന്‍റെ അധീശത്വം ഉറപ്പിച്ചിരുന്നു. എതിര്‍വിഭാഗത്തിനു വേണ്ടി മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും പാത്രിയര്‍ക്കീസില്‍ നിന്നും പട്ടമേറ്റതോടെ മെത്രാന്‍മാരെ വാഴിക്കേണ്ടത് പാത്രിയര്‍ക്കീസാണെന്ന ഒരു വിശ്വാസം മലങ്കരയില്‍ ഉറച്ചു. അക്കാലത്തെ മലങ്കരസഭാഭരണത്തിലെ അരാജകത്വം ഇതിന് നല്ലൊരു ത്വരക ഘടകമായി മാറി.

1876-ലെ മുളന്തുരുത്തി സുന്നഹദോസ് മലങ്കരസഭയുടെ കേന്ദ്രീകൃതഭരണത്തിന് ഒരു ലിഖിത ഭരണഘടന പ്രദാനം ചെയ്തു. എന്നാല്‍ ഈ സുന്നഹദോസില്‍ അദ്ധ്യക്ഷം വഹിച്ച അന്ത്യോഖ്യയുടെ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ്, പിന്നീട് ഏകപക്ഷീയമായി മലങ്കരയെ ഏഴ് ഇടവകകളാക്കി തിരിക്കുകയും ആറു മെത്രാന്മാരെ കൂടി വാഴിക്കുകയും ചെയ്തു. ഒരു ഏകീകൃത മലങ്കരസഭയായിരുന്നില്ല പാത്രിയര്‍ക്കീസിന്‍റെ ലക്ഷ്യം. മറിച്ച് തന്‍റെ കീഴില്‍ പരസ്പരബന്ധമില്ലാത്ത ഏഴ് ഇടവകകളായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. ഈ ആഗ്രഹപൂര്‍ത്തിക്കായി ഇന്ത്യയില്‍ നിന്നു മടങ്ങുന്നതിനു മുമ്പായി മലങ്കര മെത്രാപ്പോലീത്തായെ അനുസരിക്കരുതെന്നും അസോസിയേഷന്‍ വിളിച്ചു കൂട്ടരുതെന്നും കര്‍ശന നിര്‍ദ്ദേശം അഭിനവ മെത്രാപ്പോലീത്താമാര്‍ക്കു നല്‍കിയ ശേഷമാണ് അദ്ദേഹം യാത്രയായത്.

എന്നാല്‍ മലങ്കരസഭയോ നയകോവിദനായ മലങ്കര മെത്രാപ്പോലീത്താ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനോ പാത്രിയര്‍ക്കീസിന്‍റെ വിഭജനത്തെ അംഗീകരിച്ചില്ല. പുതിയ ആറു മെത്രാന്മാരും മലങ്കര മെത്രാപ്പോലീത്തായുടെ മേലധികാരം സമ്മതിയ്ക്കുകയും അദ്ദേഹത്തിന്‍റെ കീഴില്‍ പാത്രിയര്‍ക്കീസിനാല്‍ നിരോധിക്കപ്പെട്ട അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റുമാരാവുകയും ചെയ്തു. ഒരു പടികൂടി കടന്ന് പ. പരുമല തിരുമേനിയെ പിന്നീട് മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്‍റായി മാനേജിംഗ് കമ്മറ്റി നിയമിച്ചു. പാത്രിയര്‍ക്കീസ് പിളര്‍ക്കാന്‍ വിതച്ചത് മലങ്കരസഭയുടെ ഐക്യത്തിന്‍റെ ചിഹ്നമായി.

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസും തുടര്‍ന്ന് പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനും അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍ നിന്നു പട്ടമേല്‍ക്കുകയും അന്ത്യോഖ്യന്‍ സഭാശാസ്ത്രം മലങ്കരയില്‍ പ്രചരിക്കുകയും ചെയ്തതോടെ മേല്പട്ടസ്ഥാനാരോഹണം നടത്താന്‍ ഒരു പാത്രിയര്‍ക്കീസോ കാതോലിക്കായോ അത്യാവശ്യമാണെന്ന തോന്നല്‍ മലങ്കരയിലുണ്ടായി.  എന്നാല്‍ 1876 ലെ സന്ദര്‍ശന ശേഷമുള്ള അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ പ്രവര്‍ത്തനം, മലങ്കരസഭയുടെ ഭാവി മേല്പട്ടവാഴ്ചകള്‍ സുഗമമായി നടക്കാനിടയില്ല എന്ന വസ്തുതയും വ്യക്തമാക്കി. മലങ്കരസഭയുടെ ഉള്‍ഭരണസ്വാതന്ത്ര്യം തീറെഴുതാതെ മലങ്കരസഭയ്ക്കിനി മെത്രാന്‍മാരെ ലഭിക്കില്ല എന്നുതന്നെ അവര്‍ക്കു വ്യക്തമായിരുന്നു.

ഈ സാഹചര്യമാണ് മലങ്കരയില്‍ ഒരു മഫ്രിയാനേറ്റ് സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കാന്‍ മലങ്കരസഭയെ പ്രേരിപ്പിച്ചത്. 1901 ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ പൗരോഹിത്യ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തെ മഫ്രിയാനാ ആയി ഉയര്‍ത്താന്‍ കോനാട്ടു മല്‍പ്പാന്‍ മുതല്‍ പേര്‍ ശ്രമിച്ചതിനെ ഒരു ദീര്‍ഘവീക്ഷണമായി വേണം കാണാന്‍. മഹാ പ്രാഭവനായ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ മഫ്രിയാന ആക്കി ഉയര്‍ത്തി അന്ത്യോഖ്യന്‍ സഭാശാസ്ത്രപ്രകാരം മേല്പട്ടവാഴ്ച ഇവിടെത്തന്നെ നടത്തത്തക്ക ഒരു സ്ഥാനി പരമ്പര സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. പക്ഷേ ഈ അപകടം മണത്ത പാത്രിയര്‍ക്കീസ് ഇതിനെ ശക്തമായി എതിര്‍ത്തതിനാല്‍ അവരുടെ ഉദ്യമം വിഫലമായി.

മലങ്കരസഭയുടെ മേല്പട്ടവാഴ്ചയെ സംബന്ധിച്ച ഭയം 1908 -ല്‍ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍റെ വാഴ്ച സമയത്ത് യാഥാര്‍ത്ഥ്യമായി. പാത്രിയര്‍ക്കീസിന് ലൗകീകാധികാരം അടിയറ വയ്ക്കാതെ മാര്‍ ദീവന്നാസ്യോസ് ആറാമനു മേല്പട്ടസ്ഥാനം ലഭിക്കുവാന്‍ ഭഗീരഥപ്രയത്നം വേണ്ടിവന്നു. തുടര്‍ന്ന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അബ്ദുള്ളാ രണ്ടാമന്‍റെ മലങ്കര സന്ദര്‍ശനവും അനന്തര നടപടികളും മലങ്കരയില്‍ ഒരു കാതോലിക്കേറ്റ് ഇല്ലായെങ്കില്‍ സഭയ്ക്കു നിലനില്‍പ്പില്ല എന്ന സന്നിഗ്ദാവസ്ഥ ഇവിടെ സൃഷ്ടിച്ചു. അതിന്‍റെ അനന്തരഫലമാണ് 1912 ലെ കാതോലിക്കേറ്റ് സ്ഥാപനം.

1912 സെപ്റ്റംബര്‍ 15 ന് സ്ഥാപിച്ച കാതോലിക്കേറ്റ് ഒരു പുതിയ കാതോലിക്കേറ്റ് ആണോ, അതോ തിഗ്രീസിലെ മഫ്രിയാനേറ്റിന്‍റെ പിന്തുടര്‍ച്ചയാണോ അതോ നെസ്തോറിയന്‍ വിശ്വാസത്തില്‍ വീണുപോയ പേര്‍ഷ്യന്‍ കാതോലിക്കേറ്റിന്‍റെ പിന്തുടര്‍ച്ചയാണോ എന്നതല്ല പ്രശ്നം. ഈ കാതോലിക്കാ വാഴ്ചയോടെ മലങ്കരസഭ പൂര്‍ണമായും സ്വയംപര്യാപ്തത കൈവരിച്ചു എന്നതാണ് മുഖ്യ വസ്തുത.

മലങ്കരസഭയുടെ പാരമ്പര്യങ്ങള്‍ക്കുള്ളില്‍ പരിമിതപ്പെടുത്തിയ ഒരു കാതോലിക്കേറ്റാണ് 1912-ല്‍ സ്ഥാപിച്ചത്. റോമിലെ മാര്‍ പാപ്പായെപ്പോലെ അപ്രമാദിത്വമോ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെപ്പോലെ ഏകാധിപത്യമോ മലങ്കരയിലെ കാതോലിക്കായ്ക്ക് ഉണ്ടായിരുന്നില്ല. മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായുള്ള സുന്നഹദോസിന്‍റെ (ഇതില്‍ അസോസിയേഷനും പെടും) ആവശ്യവും നിര്‍ദേശവും അനുസരിച്ചു മാത്രം മേല്പട്ടം നല്‍കുവാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനുമുള്ള അനുവാദം മാത്രമായിരുന്നു  മലങ്കരയിലെ കാതോലിക്കായ്ക്കുണ്ടായിരുന്നത്. ചുരുക്കത്തില്‍ പോര്‍ട്ടുഗീസ് അധിനിവേശത്തിനു മുമ്പ് മലങ്കരയിലെ കല്‍ദായ മെത്രാനും അര്‍ക്കദ്യക്കോനും തമ്മിലുണ്ടായിരുന്ന അധികാര വിഭജനം തന്നെ ആയിരുന്നു കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും തമ്മിലുണ്ടായിരുന്നത് എന്നു പറയാം.

ഈ അവസ്ഥ നിലനിന്നിരുന്നെങ്കില്‍  ഭാവിയില്‍ അത് ഗൗരവമായ അധികാര സംഘര്‍ഷത്തിന് ഇടയാക്കുമായിരുന്നു. മേലധികാരിയായ കാതോലിക്കാ സ്ഥാനമുറയ്ക്ക് തന്‍റെ കീഴ്സ്ഥാനിയായ മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കുന്ന സുന്നഹദോസിനെ അനുസരിക്കുക എന്നത് ഭാവിയില്‍ ഇവര്‍ തമ്മില്‍ അധികാര വടംവലി ഉണ്ടാക്കുമായിരുന്നു എന്ന് തീര്‍ച്ചയാണ്.

ദേശീയ സഭാനേതൃത്വത്തിന് അര്‍ക്കദ്യക്കോനില്‍ നിന്നും എപ്പിസ്ക്കോപ്പയിലേയ്ക്കും അവിടെ നിന്നും മലങ്കര മെത്രാപ്പോലീത്തായിലേയ്ക്കുമുള്ള വളര്‍ച്ചയില്‍ ഇത്തരമൊരു പ്രശ്നം നേരിടേണ്ടിവന്നില്ല. കാരണം അന്ന് സ്ഥാനം വഹിച്ചിരുന്ന വ്യക്തിയെ അടുത്ത സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുകയാണ് ചെയ്തത.്  1912-ല്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് പകരം മറ്റൊരു മെത്രാപ്പോലീത്താ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിനാലാണ് ഈ പ്രശ്നം ഉണ്ടായത്. 1912 ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് കാതോലിക്കാ സ്ഥാനം സ്വീകരിച്ചിരുന്നെങ്കില്‍ അത്  മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തിന്‍റെ ഒരു സ്വാഭാവിക വളര്‍ച്ച മാത്രമാകുമായിരുന്നു. പക്ഷേ അന്നത്തെ സാഹചര്യം അതിനനുവദിച്ചില്ല.

എന്നാല്‍ ഇത്തരമൊരവസ്ഥ ഉണ്ടാകരുതെന്ന് മലങ്കര മെത്രാപ്പോലീത്താ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ ആഗ്രഹിച്ചിരുന്നു. അന്നത്തെ പ്രത്യേക പരിതസ്ഥിതിയില്‍ അദ്ദേഹത്തിനു മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ത്യജിക്കുക അസാദ്ധ്യമായിരുന്നു. എന്നാല്‍ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഇല്ലാതാക്കി, ആ അധികാരങ്ങള്‍ പൗരസ്ത്യ കാതോലിക്കായില്‍ ലയിപ്പിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഉണ്ടാക്കിയ നക്കല്‍ ഭരണഘടനയില്‍ പൗരസ്ത്യ കാതോലിക്കായും അദ്ദേഹത്തിനു കീഴില്‍ മൂന്നു മെത്രാന്മാരും അവര്‍ക്കു കീഴില്‍ എപ്പിസ്ക്കോപ്പാമാരുമുള്ള ഒരു ഭരണ ശ്രേണിയാണ് വിഭാവനം ചെയ്തിരുന്നത്.

മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഇല്ലാതാക്കുന്നതിന് പല വൈഷമ്യങ്ങള്‍ നേരിട്ടു. ചരിത്രപരമായ മലങ്കര സഭാദ്ധ്യക്ഷ സ്ഥാനം ഇല്ലാതാക്കുന്നതിന്‍റെ നിയമപരമായ തടസങ്ങള്‍ ഒരു വശത്തും, മലങ്കരയുടെ ഏകത്വത്തിന്‍റെയും സ്വാധികാരത്തിന്‍റെയും പ്രതീകമായ ഈ സ്ഥാനം ഇല്ലാതാകുന്നതില്‍ നസ്രാണിക്കുള്ള മാനസിക വിയോജിപ്പ് മറുവശത്തും ഇതിനെതിരെ സമ്മര്‍ദ്ദമുയര്‍ത്തി.

ഈ പ്രശ്നം പരിഹരിച്ചാണ് 1934-ല്‍ ഭരണഘടന പാസാക്കിയത്. അതനുസരിച്ച് പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും അധികാരങ്ങള്‍ പ്രത്യേകം നിര്‍വചിക്കുകയും എന്നാല്‍ രണ്ടു സ്ഥാനങ്ങളും ഒരു വ്യക്തി തന്നെ വഹിക്കണമെന്ന് അനുശാസിക്കുകയും ചെയ്തു. മലങ്കരയിലെ കാതോലിക്കാ സ്ഥാനത്തിന് സ്ഥിരത വന്നത് ഭരണഘടന പാസാക്കിയതോടെയാണെന്നു പറയുന്നതില്‍ തെറ്റില്ല. 

മുന്‍പു സൂചിപ്പിച്ചതുപോലെ മലങ്കര മെത്രാപ്പോലീത്താമാര്‍ പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിലാണ് വാണിരുന്നത്. മലങ്കരയിലെ ഒന്നാം കാതോലിക്കാ മുതല്‍തന്നെ ശ്ലൈഹിക സിംഹാസനം ഉപയോഗിച്ചിരുന്നു. ഈ രണ്ടു സ്ഥാനങ്ങളും സംയോജിച്ചതോടെ പുരാതനമായ മാര്‍ത്തോമ്മാ സിംഹാസനം ഒറ്റ അവകാശിക്കു മാത്രമായിത്തീര്‍ന്നു. എങ്കിലും ഭരണഘടനപ്രകാരം കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താ ഒരു ഏകാധിപതിയല്ല, സുന്നഹദോസിനു (മലങ്കരയില്‍ ഇതില്‍ മലങ്കര അസോസിയേഷനും പെടും) വിധേയനായിരിക്കുന്ന, ഒരു മേല്‍സ്ഥാനിയാണ്.

മലങ്കര മെത്രാപ്പോലീത്തായുടെ നാമവും അധികാര അവകാശങ്ങളും 1934 -ലെ ഭരണഘടനയില്‍ നിലനിര്‍ത്തിയെങ്കിലും ഈ രണ്ടു സ്ഥാനങ്ങളും സംയോജിച്ചതോടെ അത് ഏതാണ്ട് നിഷ്പ്രഭവും അസ്തപ്രഭവവുമായി മാറി. 1975 -ല്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ സ്ഥാനമേറ്റപ്പോള്‍ പൗരസ്ത്യ കാതോലിക്കായുടെ സ്ഥാനനാമമായ ബസേലിയോസിനോടൊപ്പം മലങ്കര മെത്രാപ്പോലീത്തായുടെ പാരമ്പര്യ സ്ഥാനനാമമായ  മാര്‍ത്തോമ്മാ കൂടി കൂട്ടിച്ചേര്‍ത്ത് മാതൃക സൃഷ്ടിച്ചു. അങ്ങനെ മലങ്കരയുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ കാതോലിക്കാ സ്ഥാനവും സ്വയംഭരണത്തിന്‍റെയും ദേശീയതയുടെയും പൗരാണികതയുടെയും പ്രതീകമായ മലങ്കര മെത്രാപ്പോലീത്താ സ്ഥാനവും മലങ്കരസഭയ്ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

1995-ലെയും 2002-ലെയും സുപ്രീംകോടതി വിധികള്‍ ഇന്ത്യന്‍ ദേശീയ ക്രൈസ്തവരുടെ പ്രതീകമായ ഈ രണ്ടു സ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടുവാന്‍ പാടില്ലാത്തവയാണെന്നു പ്രഖ്യാപിച്ചതോടെ ഈ സ്ഥാനം പൂര്‍ണതയിലെത്തിയെന്നു പറയുന്നതില്‍ തെറ്റില്ല. മലങ്കരസഭാ ഭരണഘടനയെയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് സ്വയം സഭയ്ക്ക് ഇതരനായത് ഇതിന്‍റെ ഒരു പാര്‍ശ്വ ഫലം മാത്രം. 

മലങ്കരസഭയുടെ പൗരസ്ത്യ കാതോലിക്കാ അര്‍ത്ഥത്തിലും വ്യാപ്തിയിലും ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിന്‍റെ അദ്ധ്യക്ഷനായി, മലങ്കര മെത്രാപ്പോലീത്തായുടെ പൂര്‍വിക സ്ഥാനനാമമായ ഇന്ത്യയൊക്കെയുടെയും വാതില്‍ ആകുമ്പോഴാണ് പൗരസ്ത്യ കാതോലിക്കാ സ്ഥാനം പരിപൂര്‍ണതയിലെത്തുക.

(മലങ്കരസഭ, ഒക്ടോബര്‍, 2002)