Friday, September 15, 2017

മേല്പട്ട സ്ഥാനാരോഹണം / വാകത്താനം കാരുചിറെ ഗീവര്‍ഗീസ് റമ്പാന്‍*


1913 മകര മാസം 26-ന് പാത്രിയര്‍ക്കീസു ബാവായും മറ്റും ചെങ്ങന്നൂര്‍ പള്ളിയിലേക്ക് നീങ്ങത്തക്കവണ്ണം ഒരുങ്ങിയിരിക്കയാല്‍ കഥാനായകന്‍ കാലത്തെ തന്നെ തനതു വള്ളം പിടിച്ച് ചെങ്ങന്നൂര്‍ക്ക് പോകയും ഉച്ചകഴിഞ്ഞ് അവിടെ എത്തുകയും ചെയ്തു. അപ്പോള്‍ അവിടെ കോട്ടയത്തു നിന്നും കാതോലിക്കാ ബാവായും മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായും കാലത്തെതന്നെ എത്തീട്ടുണ്ടായിരുന്നു. മെത്രാച്ചനുമായി തമ്മില്‍ കണ്ടപ്പോള്‍ സ്ഥാനം ഏല്‍ക്കുന്നതിനെക്കുറിച്ച് പറകയും വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഇതില്‍നിന്നും കഥാനായകനെ ഒഴിച്ചുവിടണമെന്ന് അറിയിക്കയും സമ്മതിക്കാഞ്ഞതിനാല്‍ ദൈവേഷ്ടം പോലെ വരട്ടെ എന്നു വച്ച് സമ്മതിക്കയും ചെയ്തു. 4 മണിയോടു കൂടെ ബാവായും പരിവാരങ്ങളും വലിയ എതിരേല്‍പ്പോടെ അവിടെ വന്നുചേരുകയും ചെയ്തു. വന്നയുടനെ ബാവാ ചെങ്ങന്നൂര്‍ പള്ളിയുടെ വടക്കുവശത്ത് നന്നായി അടുത്തിരിക്കുന്ന പള്ളിയില്‍ കയറി പ്രാര്‍ത്ഥന കഴിക്കയും പിന്നീട് പഴയ വലിയപള്ളിയിലും എത്തി ലുത്തിനിയായും ഒരു ചെറിയ പ്രസംഗവും കഴിച്ച് അവിടെ താമസിക്കയും രാത്രി 9 മണി കഴിഞ്ഞ് സ്ഥാനം ഏല്‍ക്കുവാന്‍ നിശ്ചയിച്ചിരുന്നവരെ കൊണ്ട് ശല്‍മൂസായില്‍ ഒപ്പു വയ്പിക്കയും കൈമുത്തിക്കയും ചെയ്തു. സ്ഥാനം ഏല്‍ക്കേണ്ടവര്‍ രാത്രി നമസ്കാരം കൊണ്ടും മസുമൂറാ വായന കൊണ്ടും സമയം കഴിച്ചു. 

27-ന് കാലത്തെ എല്ലാവരും പള്ളിയകത്തിറങ്ങി നമസ്കാരം കഴിക്കയും ബാവാ കുര്‍ബാനക്കാരംഭിക്കയും ചെയ്തു. വിശ്വാസപ്രമാണം കഴിഞ്ഞ് സ്ഥാനം ഏള്‍ക്കുന്ന യൂയാക്കിം റമ്പാനെയും കഥാനായകനെയും ബാവായുടെ കൈ മുത്തിച്ചു കൊണ്ട് പള്ളിയുടെ വടക്കു വശത്ത് ബാവാ ഇരിക്കുന്നതിനായി കെട്ടിഒരുക്കിയിരുന്ന മുറിയിലേക്ക് കൊണ്ടുപോയി രണ്ട് കസേരയില്‍ തലയും മുഖവും ശോശാപ്പാ ഇട്ട് മൂടി ഇരുത്തുകയും ശേഷം പേര്‍ പള്ളിയകത്തേക്ക് പോയി കുര്‍ബാനയില്‍ സംബന്ധിക്കയും ബസുമുല്‍ക്കാ സമയത്ത് മെത്രാച്ചന്‍മാരും റമ്പാച്ചന്‍മാരും പട്ടക്കാരും ശെമ്മാശന്‍മാരും വടക്കേ മുറിയിലേക്ക് വന്ന് സ്ഥാനാര്‍ത്ഥികളെ മദ്ബഹായിലേക്കും മറ്റും കൊണ്ടുപോകയും കാതോലിക്കാ ബാവായും മെത്രാച്ചന്‍മാരും റമ്പാച്ചന്‍മാരും കൂടി പട്ടംകൊടയുടെ ക്രമം കഴിച്ചു തുടങ്ങുകയും ചെയ്തു. സ്ഥാനാര്‍ത്ഥികള്‍ രണ്ടു പേരും പള്ളിനടയില്‍ വച്ച് സുറിയാനി ഭാഷയില്‍ ശല്‍മൂസാ വായിച്ച് സ്ഥാനാഭിഷേക സമയത്ത് യൂയാക്കിം റമ്പാന് ഈവാനിയോസെന്നും** കഥാനായകന് പീലക്സിനോസ് എന്നും നാമകരണം ചെയ്തു. അതു കഴിഞ്ഞ് എല്ലാവരും ഉക്സിയോസ മൂന്നു പ്രാവശ്യം ചൊല്ലി. അപ്പോള്‍ സ്ഥാനാര്‍ത്ഥികളെ കസേരയില്‍ ഇരുത്തി മേല്‍പ്പോട്ട് ഉയര്‍ത്തിയിരുന്നു. 

ഇവകളും കുര്‍ബാനയും കഴിഞ്ഞ് ബാവായും ശേഷം പേരും മുറിയിലേക്ക് പോകയും പുതിയ മെത്രാച്ചന്മാര്‍ എല്ലാവരേയും കൈമുത്തിക്കയും ചെയ്തശേഷം പുതിയ മെത്രാച്ചന്മാരെ ചുവപ്പ് ളോഹയും മറ്റും ധരിപ്പിച്ച് ബാവായുടെ അടുക്കലേക്കു കൊണ്ടുപോയി. "അല്‍ ഹൗതറഓയും" മറ്റും ചൊല്ലിയശേഷം ബാവാ അനുഗ്രഹിക്കയും കൈമുത്തിക്കയും ചെയ്തശേഷം എല്ലാവരും പിരിയുകയും ചെയ്തു. അന്ന് പുതിയ മെത്രാന്മാരുടെ വകയായി ഒരു സദ്യയും കൂടിയിരുന്ന പട്ടക്കാര്‍ക്കും മറ്റും കൊടുത്തു. പിന്നീട് ബാവായുടെയും പുതിയ മെത്രാന്മാരുടെയും മറ്റും ഒരു ഫോട്ടോ എടുക്കുകയും ചെയ്തു. അന്നു രാത്രി തന്നെ കഥാനായകന്‍ ചെങ്ങന്നൂര്‍ നിന്നും വാകത്താനത്തേക്ക് യാത്ര തിരിക്കയും ചെയ്തു.

വാകത്താനത്തു നിന്നും പലരും ചെങ്ങന്നൂര് എത്തിയിട്ടുണ്ടായിരുന്നു. 28-ന് തിങ്കളാഴ്ച 4 മണിക്ക് കഥാനായകന്‍ പിലാപ്പിള്ളില്‍ കടവില്‍ എത്തിയപ്പോള്‍ വാകത്താനത്തു നിന്നും ചിലര്‍ കളിവള്ളങ്ങളില്‍ വന്ന് എതിരേറ്റ് ആഘോഷമായി കൊണ്ടുവരികയും സന്ധ്യയ്ക്കു മുമ്പായി വാകത്താനത്ത് പള്ളിയില്‍ എത്തി ലുത്തിനിയായും ആശീര്‍വാദവും കഴിച്ച് ജനങ്ങളെ കൈമുത്തിക്കയും ആയത് കഴിഞ്ഞ് എല്ലാവരും പിരിയുകയും ചെയ്തു. പള്ളിക്കാര്‍ക്ക് മുന്നറിവൊന്നും കൊടുക്കാതിരുന്നിട്ടും അവരാല്‍ കഴിയുന്നിടത്തോളം പ്രയാസപ്പെട്ട് എതിരേല്‍പ്പ് മോടിയാക്കുവാന്‍ ശ്രമിക്കാതിരുന്നില്ല. അന്നേദിവസം വാകത്താനത്ത് പള്ളിയില്‍ ഒരു ഇംഗ്ലീഷ് പഠിത്തവും ആരംഭിച്ചു.

* പിന്നീട് മലങ്കരയിലെ രണ്ടാം കാതോലിക്കാ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍. അദ്ദേഹത്തിന്‍റെ സഭാജീവിത നാള്‍വഴി എന്ന ഡയറിക്കുറിപ്പുകളില്‍ നിന്നും.

** കരവട്ടുവീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസ് (1858 -1925). തുമ്പമണ്‍, കണ്ടനാട് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ. 1925 ജൂണ്‍ 6-ന് കാലം ചെയ്തു. പരുമല സെമിനാരിപ്പള്ളിയില്‍ കബറടക്കി.

ഒരു അപൂര്‍വ്വ ഫോട്ടോ




ഒന്നാം കാതോലിക്കാ പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ, പ. ഇഗ്നാത്യോസ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ്, പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്, കരവട്ടുവീട്ടില്‍ മാര്‍ ഈവാനിയോസ്, കല്ലാശ്ശേരില്‍ മാര്‍ ഗ്രീഗോറിയോസ് (പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ), വള്ളിക്കാട്ട് മാര്‍ പീലക്സീനോസ് (പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവാ).

മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനം കാതോലിക്കേറ്റിനു മുമ്പ് / ഡോ. എം. കുര്യന്‍ തോമസ് & വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളില്‍ മലങ്കര നസ്രാണികളുടെ ഏറ്റവും തീവ്രമായ വികാരമായിരുന്നു മാര്‍തോമ്മാ പൈതൃകം. പോര്‍ട്ടുഗീസ് കാലഘട്ടത്തിലെ റോമന്‍ കത്തോലിക്കാ കടന്നുകയറ്റത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിരോധം മലങ്കര നസ്രാണികള്‍ തീര്‍ത്തത്, മാര്‍ത്തോമ്മായുടെ څമാര്‍ഗ്ഗവും വഴിപാടുംچ (വിശ്വാസവും ജാതിയും) എന്ന അടിസ്ഥാനത്തിലായിരുന്നു.1 ഈ പൈതൃകത്തിന്‍റെ ഭാഗമായാണ് 1912 മുതല്‍ തന്നെ മലങ്കരയിലെ പൗരസ്ത്യ കാതോലിക്കാമാര്‍ ‘മാര്‍തോമ്മാ ശ്ളീഹായുടെ’ സിംഹാസനം എന്ന സംജ്ഞ ഉപയോഗിച്ചുവന്നത്. മലങ്കരയിലെ ഒന്നും രണ്ടും പൗരസ്ത്യ കാതോലിക്കാമാരുടെ തലവാചകത്തില്‍ 'മാര്‍തോമ്മാ ശ്ളീഹായുടെ സിംഹാസനം' ഉപയോഗിച്ച രേഖകള്‍ ലഭ്യമാണ്.
എന്നാല്‍ അതിലും പിമ്പോട്ടു പോയാല്‍ മലങ്കര സഭയെ മൂന്നു നൂറ്റാണ്ടുകാലം ഭരിച്ച മലങ്കര മെത്രാന്മാരും അതിനും മുമ്പ് സഭാദ്ധ്യക്ഷന്‍മാരായി വന്ന പേര്‍ഷ്യന്‍ മെത്രാന്‍മാരും മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനം ഉപയോഗിച്ചിരുന്നു. അവയില്‍ ഏതാനും ചിലതുമാത്രമാണ് ഈ ലേഖനത്തിന്‍റെ പ്രതിവാദ്യവിഷയം.
മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം പ്രതിപാദിക്കുന്ന ആദ്യരേഖ എ.ഡി. 1301 ല്‍ കൊടുങ്ങല്ലൂര്‍ വെച്ച് ഒരു സഖറിയ ശെമ്മാശന്‍ പകര്‍ത്തിയെഴുതിയ കല്‍ദായ സുറിയാനി വേദവായനക്കുറിപ്പു പുസ്തകമാണ്. വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിക്കുന്ന ടി. ഗ്രന്ഥത്തിന്‍റെ (Vat.Syr.22) കോലഫോണ്‍ (പകര്‍പ്പെഴുത്തു വിവരം)-ല്‍ അന്ന് ഭരിക്കുന്ന മെത്രാപ്പോലീത്തായെപ്പറ്റി ‘ഞങ്ങളുടെ തലവനായ മാര്‍ യാക്കോബ്, മാര്‍ തോമാശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിന്‍റെയും (The holy see of Apostle Mar Thomas) ഇന്ത്യന്‍ സഭ മുഴുവന്‍റെയും അദ്ധ്യക്ഷനും തലവനും’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് 2. (റോമന്‍ കത്തോലിക്കാ സഭയുടെ തലവനായ മാര്‍പ്പാപ്പാ “The Holy Roman See” എന്നുപയോഗിക്കുന്നതുമായി താരതമ്യം ചെയ്യുക).
1653 ല്‍ കൂനന്‍ കുരിശു സത്യം മുതല്‍ 1815 വരെ മലങ്കര ഭരിച്ച ഒന്‍പതു മെത്രാന്‍മാരുടെയും സ്ഥാനനാമം മാര്‍ത്തോമ്മാ എന്നായിരുന്നു. ഇവരില്‍ മൂന്നു പേരുടെയെങ്കിലും സ്വന്തം പേര് വ്യത്യസ്തമായിരുന്നു. ഈ സ്ഥാനനാമം  മാര്‍ത്തോമ്മാ സിംഹാസനത്തിന്‍റെ ബഹിര്‍സ്ഫുരണമായി വേണം കണക്കാക്കാന്‍.
വ്യക്തമായും ڇമാര്‍ത്തോമാ ശ്ലീഹായുടെ സിംഹാസനംڈ എന്നു പരാമര്‍ശിക്കുന്ന ലഭ്യമായ ആദ്യരേഖ 1817 വൃശ്ചികം രണ്ടിന് കിടങ്ങന്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ, പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മൂന്നാമന്‍ മെത്രാപ്പോലീത്തായെ ‘മലങ്കരയുടെ സിംഹാസനത്തിലേക്ക് മെത്രാപ്പോലീത്താ’ ആയി നല്‍കിയ സ്താത്തിക്കോനാണ്. ഈ സ്താത്തിക്കോനില്‍ തന്‍റെ സ്ഥാനനാമമായി മാര്‍ പീലക്സീനോസ് ചേര്‍ത്തിരിക്കുന്നത് ‘തോമസ് അപ്പോസ്തോലന്‍റെ സിംഹാസനമാകുന്ന മലങ്കരയുടെയും ഇന്ത്യ മുഴുവന്‍റെയും സിംഹാസനത്തില്‍ ഗീവര്‍ഗീസ് എന്നു പേരുള്ള പീലക്സീനോസ് മെത്രാപ്പോലീത്താ’ എന്നാണ്.3 സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്താ 1816 നവംബര്‍ 24 ന് കാലം ചെയ്തതിനെ തുടര്‍ന്ന് മാര്‍ പീലക്സീനോസ് മലങ്കര മെത്രാപ്പോലീത്തായായി സ്ഥാനമേറ്റിരുന്നു.
എന്നാല്‍ ഇതിനു മുമ്പ് പകലോമറ്റം കുടുംബവാഴ്ച അവസാനിപ്പിക്കുന്നതിനും ഇട്ടൂപ്പ് റമ്പാനെ മലങ്കര മെത്രാപ്പോലീത്താ ആക്കണമെന്നുള്ള കേണല്‍ മണ്‍റോയുടെ ആവശ്യം പരിഗണിക്കുന്നതിനുമായി മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടാനുള്ള മാര്‍ പീലക്സീനോസിന്‍റെ കല്‍പനയില്‍ 'തൊഴിയൂര്‍ ഇടവകയുടെ മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ' എന്നു മാത്രമായിരുന്നു തലവാചകം.4 രണ്ടു വര്‍ഷത്തിന്‍റെ ഇടവേളയിലുള്ള ഈ കല്‍പനകളിലെ തലവാചകത്തിലെ വ്യത്യാസത്തില്‍ നിന്ന് മനസിലാകുന്നത് ഇതിനിടയില്‍ അദ്ദേഹത്തിനു ലഭിച്ച ആക്ടിംഗ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനമാണ് അദ്ദേഹത്തെ മാര്‍തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനാക്കിയത് എന്നാണ്.
അടുത്ത രേഖ മലങ്കര മെത്രാപ്പോലീത്താ ചേപ്പാട് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ തൊഴിയൂര്‍ ഇടവകയുടെ കുത്തൂര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് കൊ.വ. 1005 (AD.1830) മീനം 15-നു നല്‍കിയ സ്താത്തിക്കോനാണ്. ڇദൈവകൃപയാല്‍ ഇന്ത്യയുടെ അതൃത്തിയിലുള്ള മലയാളത്തില്‍ വസിക്കുന്ന ക്രിസ്തുവിന്‍റെ ആട്ടിന്‍ കുട്ടികളുടെയും പെണ്ണാടുകളുടെയും ഇടയനും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിന്‍റെ പിതാവും പരിശുദ്ധനും ഭാഗ്യവാനുമായ മാര്‍ തോമസ് അപ്പോസ്ഥോലന്‍റെ സിംഹാസനാരൂഢനുമായിരിക്കുന്ന ഫിലിപ്പോസെന്ന ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ആയ നാം…..ڈ 5 എന്നാണ് സ്താത്തിക്കോന്‍ ആരംഭിക്കുന്നത്.
മാര്‍ ദിവന്യാസ്യോസ് നാലാമന് 1840 കന്നി 1-നു അന്ത്യോഖ്യായുടെ പ. ഏലിയാസ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് അയച്ച കല്‍പ്പനയില്‍ മലങ്കരസഭയെ വിശേഷിപ്പിച്ചിരിക്കുന്നത്. ڇപരിശുദ്ധ അപ്പോസ്തോലനായ മാര്‍ത്തോമ്മായുടെ സിംഹാസന ഇടവകڈ6 എന്നാണ്.
1848 ലെ കൊച്ചി പഞ്ചായത്തു വിധിപ്രകാരം മലങ്കര മെത്രാന്‍ സ്ഥാനം പ്രാപിച്ച പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് ڇപരിശുദ്ധ മാര്‍ ത്തോമ്മാ ശ്ലീഹായുടെ സിംഹാസനംڈ എന്ന സ്ഥാനം ഉപയോഗിച്ചിരുന്നു. തോമസ് അത്താനസ്യോസിനെ തന്‍റെ പിന്‍ഗാമിയായി വാഴിച്ചപ്പോള്‍ നല്‍കിയ സ്ഥാത്തിക്കോനില്‍ അദ്ദേഹം മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനാരൂഡനാണെന്നും പിന്‍ഗാമിയെ വാഴിക്കുന്നത് ആ സിംഹാസനത്തിലേയ്ക്കാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.7 കൊല്ലവര്‍ഷം 1048 (1873) നു മുമ്പു തന്നെ അദ്ദേഹം കല്പനകളില്‍ മലങ്കര സിംഹാസനം എന്നെഴുതുക പതിവായിരുന്നു എന്ന് തോമസ് അത്താനാസ്യോസ് സെമിനാരിക്കേസില്‍ മൊഴികൊടുത്തിട്ടുണ്ട്. നവീകരണ സുറിയാനിക്കാര്‍ (മാര്‍ത്തോമ്മ സഭ) അവരുടെ സഭാതലവനെ സംബോധന ചെയ്യുന്നത് ڇമലങ്കര ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്താڈ8എന്നാണ്. ഇപ്പോള്‍ അവരുടെ കല്പനകളുടെ തലവാചകം ڇമലങ്കര ശ്ലീഹായുടെ സിംഹാസനത്തിന്‍റെ ……….. മാര്‍തോമ്മാ മെത്രാപ്പോലീത്താڈ എന്നാണ്.
1846ല്‍ മലങ്കരെ എത്തി, മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തിനു അവകാശവാദം ഉന്നയിക്കുകയും 1848 ലെ കൊച്ചി പഞ്ചായത്തു വിധിമൂലം ആസ്ഥാനം ലഭിക്കാതെ പോവുകയും ചെയ്ത അന്ത്യോഖ്യന്‍ മേല്‍പ്പട്ടക്കാരനായിരുന്നു യുയാക്കിം മാര്‍ കൂറീലോസ്. 1874-ല്‍ കാലം ചെയ്യുന്നതു വരെയും അദ്ദേഹം അധികാരമില്ലെങ്കിലും ڇമലങ്കര മെത്രാപ്പോലീത്തڈ എന്നു ഭാവിച്ചിരുന്നു. അദ്ദേഹം സ്ഥാപിച്ച ഫോര്‍ട്ടുകൊച്ചി പള്ളിയില്‍ ഉപയോഗിച്ചിരുന്ന തബ്ലൈത്തയില്‍ ڇഇന്ത്യയിലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ യുയാക്കീം കൂറിലോസ് മെത്രാപ്പോലീത്തായുടെ കൈകളാല്‍…………..ڈ9 എന്നു സുറിയാനിയില്‍ എഴുതിയിട്ടുണ്ട്.

1857 ല്‍ മലങ്കര സന്ദര്‍ശിച്ച യറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസായ മാര്‍ ഗ്രീഗോറിയോസ് അബ്ദേദുനുഹറോ 1857 മീനം 13-നു റാക്കാട്ടുപള്ളി സന്ദര്‍ശിച്ചു. അതിന്‍റെ സ്മാരകമായി അദ്ദേഹം അവിടുത്തെ വി. മദ്ബഹായില്‍ സ്ഥാപിച്ച ശിലാരേഖയില്‍ യുയാക്കിംകൂറിലോസിനെ ڇമലങ്കരയുള്ള മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ വാഴുന്നڈ10 എന്നാണ് വിശേഷിപ്പിക്കുന്നത്.
പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദിവന്നാസിയോസ് അഞ്ചാമനെ (1865-1909) പറ്റി കടുത്ത അന്ത്യോഖ്യാ ഭക്തനായ ഇ.എം. ഫിലിപ്പ് ڇമാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍ മാര്‍തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ വാഴ്ച ഉറപ്പിക്കുകയും ചെയ്തുڈ11 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1889ലെ റോയല്‍ കോടതി വിധിയില്‍ അവസാനിച്ച നവീകരണക്കാരുമായുള്ള കേസിന്‍റെ പ്രധാന നടത്തിപ്പുകാരന്‍ എന്ന നിലയില്‍ ലഭ്യമായ എല്ലാ രേഖകളും പരിശോധിക്കാന്‍ അവസരം ലഭിച്ച കൂര്‍മബുദ്ധിയായ ഇ.എം. ഫിലിപ്പ് കേവലം ആലങ്കാരികമായി ഈ പദപ്രയോഗം നടത്തിയെന്ന് വിശ്വസിക്കാന്‍ സാദ്ധ്യമല്ല.
ഇതുപോലെ തന്നെ വി. പത്രോസ് ശ്ലീഹായ്ക്കു മാത്രമേ സിംഹാസനമുള്ളൂ എന്ന വാദം നിരര്‍ത്ഥകമാണ്. മലങ്കരയില്‍ മാത്രമല്ല ക്രൈസ്തവ ലോകത്തെ പല സഭകളും അവരുടെ തലവന്മാരുടെ സ്ഥാനപ്പേരില്‍ ‘സിംഹാസനം’ ഉപയോഗിക്കുന്നുണ്ട്. ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തില്‍ പെടുന്ന കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ തലവന്‍ ڇഅലക്സന്ത്ര്യായുടെ പോപ്പും വിശുദ്ധ മര്‍ക്കോസിന്‍റെ സിംഹാസനത്തിന്‍റെ പാത്രിയര്‍ക്കീസുംڈ (Pope of Alexandria and Patriarch of the See of  St. Mark) എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴത്തെ സഭാതലവന്‍ പോപ്പ് ഷെനൗഡാ III, വി. മര്‍ക്കോസ് മുതലുള്ള 117-ാമത്തെ പാത്രിയര്‍ക്കീസാണ്. സമന്മാരായ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ ഇടയില്‍ അദ്ദേഹത്തിന് ഒന്നാം സ്ഥാനമാണുള്ളത്. വി. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായ പ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് രണ്ടാം സ്ഥാനവും. നാലാം നൂറ്റാണ്ടിലെ സ്ഥാനക്രമമനുസരിച്ചാണിത്.
അര്‍മേനിയന്‍ സഭയില്‍ څവിശുദ്ധ എച്ച്മിയാഡ്സിനിലെ മാതൃസിംഹാസനത്തിലെچ സുപ്രിം കാതോലിക്കായുടെ കീഴ്സ്ഥാനി മാത്രമായ ജറുസലേമിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കീസ് “വിശുദ്ധ യാക്കോബിന്‍റെ ശ്ലൈഹിക സിംഹാസനത്തിന്‍റെ പാത്രിയര്‍ക്കീസ്” ((Patriarch of the Apostolic Throne of St. James)) എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. നമ്മുടെ കര്‍ത്താവിന്‍റെ സഹോദരനും ഊര്‍ശ്ലേമിലെ ഒന്നാമത്തെ എപ്പിസ്ക്കോപ്പായുമായ മാര്‍ യാക്കോബിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ശ്ലീഹന്മാരായ വി. ബര്‍ത്തലോമിയായുടെയും വി. തദ്ദായിയുടെയും പിന്‍ഗാമിയായ സുപ്രിം കാതോലിക്കായ്ക്ക് തന്‍റെ കീഴ്സ്ഥാനിയായ ജറുസലേം പാത്രിയര്‍ക്കീസ് ഈ സ്ഥാനപ്പേര് ഉപയോഗിക്കുന്നതില്‍ യാതൊരെതിര്‍പ്പുമില്ല. ഒരേ സഭയില്‍ തന്നെ ഒന്നിലധികം ശ്ലൈഹിക സിംഹാസനമാകാം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണിത്. അഞ്ചാം നൂറ്റാണ്ടില്‍ മാത്രമാണ് ജറുസലേമിലെ അര്‍മേനിയന്‍ മെത്രാന്‍ څപാത്രിയര്‍ക്കീസ്چ എന്ന സ്ഥാനപ്പേരു സ്വീകരിക്കുന്നത്.
‘എത്യോപ്യയുടെ പാത്രിയര്‍ക്കീസും വി. തക്ലേഹൈമനോത്തിന്‍റെ സിംഹാസനത്തിന്‍റെ എസ്ചെഗ്വേയുംڈ (Patriarch of Ethiopia and Echegue of the See of St.Teklehaymanot) എന്നാണ് എത്യോപ്യന്‍ സഭാദ്ധ്യക്ഷന്‍റെ സ്ഥാനനാമം. ഇപ്പോഴത്തെ ആബുനാ പൗലോസ്, അഞ്ചാമത്തെ പാത്രിയര്‍ക്കീസും 62-ാമത്തെ എസ്ചെഗ്വേയുമാണ്. 13-ാം ശതകത്തിലെ വി. തക്ലേഹൈമനോത്തിനെയാണ് ഒന്നാമത്തെ എസ്ചെഗ്വേയായി പരിഗണിക്കുന്നത്. 16-ാം നൂറ്റാണ്ടിനു മുമ്പ് മലങ്കര സഭയിലുണ്ടായിരുന്ന അര്‍ക്കദ്യാക്കോന്‍ (Archdeacon) പദവിക്കു സമാനമാണ് കോപ്റ്റിക് ബിഷപ്പിനു കീഴിലുണ്ടായിരുന്ന എസ്ചേഗ്വേ പദവി.
മലങ്കര സഭാ ചരിത്രം മാര്‍ത്തോമ്മാ ശ്ലീഹായുടെ

സിംഹാസനത്തിന് അനുകൂലമായും ഇന്നത്തെ ക്രൈസ്തവലോകം ഏകസിംഹാസന വാദത്തിന് പ്രതികൂലമായും തെളിവുകള്‍ നിരത്തുമ്പോള്‍ മറിച്ചു വാദിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാകുകയാണന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു.

അടിക്കുറിപ്പുകള്‍


(1) സ്കറിയ സക്കറിയ, ഡോ., ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍, ഇടമറ്റം, 1994 പേജ് 10; 
(2) Van Der Ploeg, O.P., J.P.M, The Syriac Manuscripts of St. Thomas Christians, Bangalore, 1983, p.4 
(3)1889-ല്‍ റോയല്‍ കോര്‍ട്ട് വിധിയില്‍ അവസാനിച്ച നവീകരണക്കാരുമായുള്ള സെമിനാരിക്കേസില്‍ 29 അക്കപ്രമാണം. 
(4) ടി. കേസില്‍ 39 അക്കപ്രമാണം. 
(5) ഉമ്മന്‍, പി.എ., ചേപ്പാട്ട് മാര്‍ ദിവന്നാസ്യോസ്, ചേപ്പാട്, 1956, പേജ്.x-xi 
(6) 1889ലെ സെമിനാരിക്കേസില്‍ T. T. അക്കപ്രമാണം. 
(7) ജോര്‍ജ് വര്‍ഗീസ് മദ്രാസ്, മലങ്കര ഓര്‍ഡോക്സ് സുറിയാനി സഭാ ചരിത്രം, ഭാഗം 2, കോട്ടയം, 1993, പേജ് 351. 
(8) ചാക്കോ, റ്റി.സി., മലങ്കര മാര്‍ത്തോമ്മാ സഭാ ചരിത്ര സംഗ്രഹം, തിരുവല്ല, 2000 പേജ് 210. 
(9) വര്‍ഗീസ് കത്തനാര്‍ നെടുന്തള്ളില്‍, മാര്‍ത്തോമ്മാ ശ്ലീഹായും മലങ്കര സഭയും, കൊച്ചി, 1975, പേജ് 70. 
(10) അബ്രഹാം മല്പാന്‍ കോനാട്ട്, മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം, കടമറ്റം, പേജ് 16. 
(11) ഫിലിപ്പ് ഇ.എം., മാര്‍ത്തോമ്മാശ്ലീഹായുടെ ഇന്ത്യന്‍ സഭ, ചിങ്ങവനം, 1977, പേജ് 229.

മലങ്കരയിലെ പൗരസ്ത്യ കാതോലിക്കാമാര്‍


(സ്ഥാനാരോഹണം, നിര്യാണം എന്ന ക്രമത്തില്‍)

ബസേലിയോസ് പൗലോസ് പ്രഥമന്‍ 15.09.1912 - 02.05.1913
ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ 30.04.1925 - 17.12.1928
ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ 15.02.1929 - 03.01.1964
ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ 22.05.1964 - 08.12.1975
ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ 27.10.1975 - 08.11.1996
ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍ 29.04.1991 - 26.01.2006
ബസേലിയോസ് മാര്‍തോമ്മാ ദിദിമോസ് പ്രഥമന്‍ 31.10.2005 -
ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ 01-11-2010 -

മഫ്രിയാനയെ നിയമിക്കണം: മലങ്കരമഹാജനസഭ

മലങ്കരമഹാജനസഭ 


1901 മേടം 12 ബുധന്‍

മലങ്കര ഇടവകക്കു ഒരു മഫ്രിയാനയെ നിയമിക്കണമെന്നു കഴിഞ്ഞ സമ്മേളനത്തില്‍ ആലോചിച്ച കാര്യം അസോസ്യേഷനില്‍ ബോധിപ്പിക്കണമെന്ന് അന്നു തീരുമാനിച്ചു എങ്കിലും അതില്‍പ്പിന്നെ അസോസ്യേഷന്‍ യോഗം ഉണ്ടാകാഞ്ഞതിനാല്‍ അതിനിടയായില്ല. എങ്കിലും അടുത്ത ദിവസം ഉണ്ടാകുന്ന അസോസ്യേഷനില്‍ ഈ സംഗതി ബോധിപ്പിക്കണമെന്നു ഈ പ്രാവശ്യവും തീരുമാനിച്ചു. അസോസ്യേഷനില്‍ ഈ അപേക്ഷ അടുത്ത ദിവസം ചെയ്തു എങ്കിലും പാത്രിയര്‍ക്കീസുബാവാ തിരുമനസ്സുകൊണ്ടു മലയാളത്തേക്കു താമസിയാതെ എഴുന്നെള്ളുവാന്‍ ഇടയുണ്ടെന്നു വിചാരിക്കുന്നതിനാല്‍ ഈ കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടു ആവശ്യമില്ലെന്നാണ് അസോസ്യേഷനില്‍ തീര്‍ച്ചപ്പെടുത്തിയതു.

(ഇടവകപത്രിക, 1901 മേടം)

കാതോലിക്കേറ്റ് സ്ഥാപനം: ഒരു കത്ത് / കോനാട്ട് മാത്തന്‍ മല്‍പാന്‍





"പൂര്‍വ്വിക സുറിയാനി ജാതി മുഴുവന്‍റെ മേല്‍ അധികൃതനായിരിക്കുന്ന രണ്ടാമത്തെ അബ്ദേദ്മിശിഹാ എന്നു തിരുനാമമുള്ള അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്‍റെ പിതാവായ ഭാഗ്യവാനായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് തിരുമനസ്സിലേക്ക്, തിരുമനസ്സിലെ മഹാപുരോഹിത സ്ഥാനമാഹാത്മ്യത്തെ ശ്രേഷ്ഠമാക്കി ചെയ്യുന്നവനായ കര്‍ത്താവിന്‍റെ നാമത്തില്‍ എഴുതിക്കൊള്ളുന്നത്. തിരുമനസ്സിലെ പ്രാര്‍ത്ഥന ഞങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.
തിരുമനസ്സുകൊണ്ട് ശരിയായ പാത്രിയര്‍ക്കീസാകുന്നു. തിരുമേനി ഞങ്ങളെക്കുറിച്ച് ഉദാസീനനായിരിക്കുന്നു എങ്കില്‍ ഞങ്ങള്‍ എവിടേക്കു പോകേണ്ടു. ഞങ്ങള്‍ പാപ്പാ മതക്കാരെയോ ഞങ്ങളെ കൈക്കൊള്ളാന്‍ പ്രതീക്ഷിച്ചിരിക്കുന്നവരും ഞങ്ങളെ ക്ഷണിക്കുന്നവരുമായ മറ്റുള്ളവരെയോ അനുഗമിക്കട്ടേ?
... തിരുമനസ്സുകൊണ്ട് പിതാവും ഞങ്ങള്‍ മക്കളുമാകുന്നു എങ്കില്‍ ദിവ്യമായ തീക്ഷ്ണതയോടുകൂടി ഞങ്ങള്‍ക്കുവേണ്ടി തിരുമനസ്സുകൊണ്ട് എഴുന്നേല്‍ക്കുകയും അബ്ദള്ളാ പാത്രിയര്‍ക്കീസിന്‍റെ ഞങ്ങളുടെ അടുക്കലേക്കുള്ള വരവിനെ തടയുകയും അദ്ദേഹത്തെക്കുറിച്ച് നിങ്ങളുടെ രാജാവിന്‍റെ മുമ്പില്‍ ആവലാതി ബോധിപ്പിച്ചു വ്യവഹരിച്ച് അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നു അദ്ദേഹത്തെ നിഷ്കാസനം ചെയ്യിക്കയും തിരുമനസ്സുകൊണ്ട് അതില്‍ ഇരിക്കുകയും ചെയ്യേണ്ടതാണ്. ...
ഇപ്പോള്‍ തിരുമനസ്സുകൊണ്ട് എഴുന്നേറ്റ് ശക്തിപ്പെട്ടു പൗരുഷത്തോടുകൂടി നിങ്ങളുടെ അടുക്കലുള്ള ഇംഗ്ലീഷ് സ്ഥാനപതി മുഖാന്തിരം ലണ്ടനില്‍ എഡ്വര്‍ഡ് രാജാവിന്‍റെ അടുക്കലും, ഇന്ത്യാക്കാര്‍ക്കു വേണ്ടി ലണ്ടനിലുള്ള അദ്ദേഹത്തിന്‍റെ സെക്രട്ടറിയുടെ അടുക്കലും എഴുത്തയച്ചു ശരിയാംവണ്ണമല്ലാത്ത പാത്രിയര്‍ക്കീസായിരിക്കുന്നവന്‍ ഞങ്ങളുടെ അടുക്കല്‍ വരുന്നതിനെ തടയുന്നതിനുവേണ്ടി ബോധിപ്പിക്കണം. ... മലയാളത്തുകാരായ ഞങ്ങള്‍ തിരുമേനിയോടു ചേര്‍ന്നു നടന്നുകൊള്ളാം. പ്രത്യേകിച്ചും മലങ്കരയിലെ വടക്കര്‍ ബലഹീനനായ എന്നോടുകൂടെ ഒന്നായി നില്‍ക്കുന്നതാണ്. ആയതുകൊണ്ടു വടക്കര്‍ തിരുമേനിയെ വിട്ടകന്നു പോകുന്നതല്ല. ...
വീണ്ടും തിരുമനസ്സിലെ അടുക്കല്‍ ഞാന്‍ അറിയിക്കുന്നതെന്തെന്നാല്‍, എന്‍റെ ഉത്തമമായ ആലോചനപ്രകാരം ചെയ്യുകയും ദൈവത്തില്‍നിന്ന് തിരുമനസ്സുകൊണ്ടു കൃപ പ്രാപിക്കയും ചെയ്യുന്നു എന്നു വരികില്‍ തിരുമേനി ഞങ്ങളുടെ അടുക്കല്‍ വരികയും ഞങ്ങളുടെ സകല നടപടികളെയും ശരിപ്പെടുത്തുകയും ചെയ്യണം. തിരുമേനിക്കു മനസ്സില്ലാതിരിക്കയോ വാര്‍ദ്ധക്യം നിമിത്തം ഞങ്ങളുടെ അടുക്കല്‍ വരുന്നതില്‍ കഴിവില്ലാതിരിക്കയോ ചെയ്യുന്നപക്ഷം ഇന്നാരെ വേണമെന്നു ഞങ്ങള്‍ പിന്നാലെ ബോധ്യപ്പെടുത്തുന്നപ്രകാരം ഞങ്ങളില്‍ നിന്നുതന്നെ ഒരാളെ ഞങ്ങള്‍ക്കു മപ്രിയാന (കാതോലിക്കാ) ആയി തരണം. ഞങ്ങള്‍ക്കു മപ്രിയാനായില്ലെന്നു വരികില്‍ ഞങ്ങള്‍ എങ്ങനെയാണു മെത്രാപ്പോലീത്തന്മാരേയും എപ്പിസ്ക്കോപ്പന്മാരെയും വാഴിക്കേണ്ടത്? ദൂരദേശത്തേക്കു പോകുന്നതിന് മലയാളത്തുകാര്‍ ഭയമുള്ളവരാണ്. അതു നിമിത്തം ഞങ്ങളില്‍ ഒരുത്തനും മെത്രാനാകുന്നതിന് നിങ്ങളുടെ അടുക്കലേക്കു വരുന്നതിന് മനസ്സില്ലാതെ വരുന്നപക്ഷം ഞങ്ങളുടെ സഭയ്ക്കു വൈധവ്യം ഭവിക്കുന്നതാണ്.
തിരുമേനി അറിഞ്ഞിരിക്കുന്നപ്രകാരം മുന്‍കാലത്ത് തിഗ്രീസു സിംഹാസനത്തില്‍ വാണിരുന്ന കിഴക്കിന്‍റെ മപ്രിയാനായാണ് മലങ്കരയെ ഭരിച്ചുവന്നത്. ഇപ്പോള്‍ തിഗ്രീസിലെ മപ്രിയാനാ ഇല്ലാതിരിക്കുന്നു എങ്കിലും ഞങ്ങളുടെ പിതാവായ മാര്‍ ബസ്സേലിയോസ് എന്ന് തുബ്ദേനില്‍ അദ്ദേഹത്തിന്‍റെ പേരിനെ നാം ഓര്‍ക്കുന്നു. മപ്രിയാനാ ഇല്ലെങ്കില്‍ എന്തിനായിട്ടാണ് അദ്ദേഹത്തിന്‍റെ പേരിനെ നാം ഓര്‍ക്കുന്നത്? അദ്ദേഹത്തിന്‍റെ പേരിനെ ഓര്‍ക്കുന്നു എങ്കില്‍ മപ്രിയാനാ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അന്ത്യോക്യയിലിരുന്ന പാത്രിയര്‍ക്കാ സിംഹാസനം മര്‍ദ്ദീനിലേക്കു നീക്കപ്പെട്ടുവെങ്കില്‍ തിഗ്രീസിലെ സിംഹാസനം ഇന്ത്യയിലേക്കു നീക്കുന്നത് ശരിയല്ലെന്നു വരുന്നതെങ്ങനെ? ആയതുകൊണ്ട് തിഗ്രീസിലെ സിംഹാസനം ഇന്ത്യയില്‍ സ്ഥാപിച്ച് ഞങ്ങളില്‍നിന്ന് ഒരാളിനെ ഞങ്ങള്‍ക്കു മപ്രിയാനായായി വാഴിച്ചു തരണമെന്നും കിഴക്കിന്‍റെ മാര്‍ ബസ്സേലിയോസ് മപ്രിയാനാ എന്നു നാമകരണം ചെയ്യണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു. എന്‍റെ വചനങ്ങള്‍ തിരുമനസ്സിലേക്ക് ഇഷ്ടമായാലും അല്ലെങ്കിലും ഞങ്ങള്‍ക്ക് അനുഗ്രഹ കല്‍പന അയച്ചുതരണമെന്നും കൃപാസമ്പൂര്‍ണ്ണമായിരിക്കുന്ന വലത്തു കൈനീട്ടി ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കണമെന്നും തിരുമനസ്സിലെ കുര്‍ബാനകളിലും നമസ്കാരങ്ങളിലും ഞങ്ങളെ ഓര്‍ക്കണമെന്നും എന്നേക്കുമുള്ള ക്ഷയരഹിതമായ ജീവന്‍ പ്രാപിക്കുന്നതിന് യോഗ്യന്മാരായി തീരുന്നതിന് ഞങ്ങള്‍ക്കുവേണ്ടിയും പാപപരിഹാര പ്രാര്‍ത്ഥന കഴിക്കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു."
(1908 ധനു മാസം 30-ാം തീയതി അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ച കത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍)

അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസിന്‍റെ രണ്ടു കല്പനകള്‍


1. ഒന്നാം കല്പന

സര്‍വ്വശക്തനായി സാരാംശസംപൂര്‍ണനായിരിക്കുന്ന നിത്യന്‍റെ തിരുനാമത്തില്‍ തനിക്ക് സ്തുതി. അന്ത്യോഖ്യായുടെ ശ്ലൈഹീക സിംഹാസനത്തിന്‍റെ രണ്ടാമത്തെ അബ്ദേദ് മ്ശിഹാ ആകുന്ന ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് 
(മുദ്ര)
സെഹിയോന്‍ മാളികയില്‍ വച്ച് നമ്മുടെ കര്‍ത്താവേശു മ്ശിഹാ തന്‍റെ പരിശുദ്ധ ശിഷ്യന്മാര്‍ക്കു നല്‍കുകയും തന്‍റെ സാന്നിദ്ധ്യത്തില്‍ അവരുടെ ഹൃദയങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തതായ ദൈവികകൃപയും സ്വര്‍ഗ്ഗീയവാഴ്വും പരിശുദ്ധവും ആത്മീയവുമായ സമാധാനവും വിലയേറിയ തിരുരക്തത്താല്‍ വിലയ്ക്കു കൊള്ളപ്പെട്ടവരും വിശുദ്ധ മാമോദീസായാല്‍ മുദ്രകുത്തപ്പെട്ടവരും സത്യവിശ്വാസത്താല്‍ അലംകൃതരും പത്രോസിനടുത്ത പാറമേല്‍ സുസ്ഥിതരും ഏവന്‍ഗേലിയോന്യവും പൈതൃകവുമായ കല്പനകളെ അനുസരിക്കുന്നവരുമായ വാഴ്ത്തപ്പെട്ട പ്രധാനാചാര്യന്മാരും വെടിപ്പുള്ള അഹരോന്യ പുരോഹിതന്മാരും നിര്‍മ്മലരായ അന്തോനിയോസ് ദയറായക്കാരും സമര്‍ത്ഥന്മാരും വിജ്ഞാനികളും ശോഭയുള്ളവരുമായ സ്തേപ്പാനോസ്യ ശെമ്മാശന്മാരും വിശ്വസ്തരായ എപ്പിത്രോപ്പന്മാരും പ്രധാനികളും ശ്രേഷ്ഠരായ വൃദ്ധന്മാരും സുരക്ഷിതരായ ശിശുക്കളും പൈതങ്ങളും പരിപാകതയുള്ള സ്ത്രീകളും പുത്രിമാരും എല്ലാ പ്രായത്തിലും അളവിലും ഇരിക്കുന്ന വിശ്വാസികളുമായി ഇന്ത്യയിലെ മലബാര്‍ ദേശത്ത് പിതാവാംദൈവത്തിന്‍റെ കരുണയുടെ നിഴലിന്‍കീഴില്‍ നിവസിക്കുന്ന നമ്മുടെ അനുഗൃഹീതരും വാഴ്ത്തപ്പെട്ടവരുമായ സ്നേഹിതന്മാരും വത്സലരുമായവരുടെ ശിരസ്സുകള്‍ മേല്‍ വന്നു ആവസിക്കുമാറാകട്ടെ. ദൈവമായ കര്‍ത്താവിന്‍റെ അനുഗ്രഹം ശാരീരികവും മാനസികവുമായ എല്ലാ പരീക്ഷകളില്‍ നിന്നും അവരെ രക്ഷിക്കുമാറാകട്ടെ. ആയതു ദൈവമാതാവായ മറിയാമ്മിന്‍റെയും സകല പരിശുദ്ധന്മാരുടെയും മദ്ധ്യസ്ഥതയില്‍ത്തന്നെ ആമ്മീന്‍.
ബഹുമാനമുള്ളവരും ആത്മീയരുമായ പ്രിയപ്പെട്ടവരെ, കണ്ടനാട് ഇടവകയുടെ ബഹുമാനപ്പെട്ട പൗലോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെക്കുറിച്ച് നിങ്ങളുടെ സ്നേഹത്തോട് നാം അറിയിക്കുന്നതെന്തെന്നാല്‍, പരുമല സെഹിയോന്‍ പള്ളിയില്‍ വച്ച് മലങ്കരയുടെ അനുഗൃഹീതയോഗത്തില്‍ നിങ്ങളില്‍ നിന്നും കാതോലിക്കാസ്ഥാനത്തേയ്ക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം നമ്മുടെ പക്കല്‍ സന്നിഹിതനാവുകയും ആത്മദൃഷ്ടിയാല്‍ നാം പരിശോധിച്ചതില്‍ അദ്ദേഹത്തില്‍ നാം അത്യധികം സന്തുഷ്ടനാവുകയും ചെയ്തു. കുറ്റമില്ലാത്ത തിരുരക്തത്താല്‍ വിലയ്ക്കു കൊള്ളപ്പെട്ട ആട്ടിന്‍പറ്റത്തെ മേയിപ്പാന്‍ സത്യവാന്മാരും ചൊവ്വുള്ളവരുമായ ഇടയന്മാര്‍ നിങ്ങള്‍ക്ക് ആവശ്യമാണെന്ന് നാം ഗ്രഹിച്ചു. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോഴുള്ളവര്‍ സഭാപരമായ ശ്രമങ്ങളുടെ സംരക്ഷണത്തിന് നിങ്ങള്‍ക്കു മതിയാകയില്ലെന്ന് നിങ്ങള്‍ പറയുന്നു. ഇപ്രകാരം നിങ്ങളുടെ ആത്മീയ സ്നേഹത്തിന്‍റെ സംസാരത്തില്‍ നിന്നും നമുക്കു ബോദ്ധ്യമായിരിക്കുന്നു. ആയതു സകലവിധത്തിലും സര്‍വദാ ഉദാസീനത കൂടാതെ പാലിക്കുവാന്‍ യുക്തവും വിഹിതവുമാകുന്നു. ദൈവം സഭയില്‍ ആദ്യമെ ശ്ലീഹന്മാരെയും പിന്നീട് ദീര്‍ഘദര്‍ശിമാരെയും അവരുടെശേഷം വ്യാഖ്യാതാക്കളെയും നിയമിച്ചു. എന്നിങ്ങനെ പറഞ്ഞിരിക്കുന്നവണ്ണം തന്നെ. ഇതു സഭയുടെ ക്രമീകരണത്തിനും മഹിമയ്ക്കും അതിന്‍റെ ആത്മീയമക്കളുടെ ക്രമപാലനത്തിനും അത്രേ. നീ എന്‍റെ കുഞ്ഞാടുകളെ മേയിക്ക എന്‍റെ പള്ളാടുകളെ മേയിക്ക; എന്‍റെ പെണ്ണാടുകളെ മേയിക്ക എന്നു നമ്മുടെ കര്‍ത്താവേശുമിശിഹാ ശിമവോന്‍ കീപ്പായോട് മൂന്നു പ്രാവശ്യം അരുളിച്ചെയ്തുകൊണ്ട് ഭരമേല്പിച്ച കര്‍ത്തൃപരമായ ക്രമപ്രകാരം ഇടയസ്ഥാനത്തിന്‍റെ പദവിയില്‍നിന്ന് നിങ്ങളുടെ അപേക്ഷയെ സാധിച്ചുതരേണ്ടത് യുക്തവും ന്യായവുമാകുന്നുവല്ലൊ. ആയതു നന്മയോ തിന്മയോ ആയ പ്രവൃത്തികള്‍ക്കനുസരണമായി ഓരോരുവനേയും ന്യായം വിധിപ്പാന്‍ താന്‍ ഏഴുന്നെള്ളുമ്പോള്‍ മറുപടി കൊടുപ്പാന്‍ കഴിയാതെ സത്യ ഇടയനും എല്ലാ ഇടയന്മാരുടെയും നാഥനുമായവന്‍റെ സന്നിധിയില്‍ നമുക്കും കുറ്റം ഉണ്ടാകാതിരിക്കേണ്ടതിനത്രെ. നീതിമാനായ ഈയൂബ് 'വിധി ദിവസത്തില്‍ ദൈവം എഴുന്നേല്‍ക്കുമെങ്കില്‍ ഞാന്‍ എന്തു ചെയ്യേണ്ടൂ. ഞാന്‍ എന്തു മറുപടി കൊടുക്കും?' എന്ന് ചോദിച്ചിരിക്കുന്നു. വീണ്ടും കര്‍ത്താവിന്‍റെ നിരൂപണ ശക്തിയുള്ളതും, മനുഷ്യന്‍റേത് ബലഹീനവുമാകുന്നു എന്ന് ഏശായ ദീര്‍ഘദര്‍ശിയും പറഞ്ഞിരിക്കുന്നു. ഇതു നിമിത്തം നമ്മുടെ കര്‍ത്താവേശുമിശിഹാ ശിമവോന്‍ കീപ്പായെ ഭരമേല്പിച്ച കര്‍ത്തൃപരമായ ക്രമപ്രകാരമുള്ള ഇടയസ്ഥാനത്തിന്‍റെ പദവിയില്‍ നിന്നും ചെയ്തുതരുവാന്‍ നമുക്കു വേണ്ടിയിരിക്കുന്നവണ്ണം നമ്മുടെ സത്യസഭയുടെ വിശ്വാസാനുസരണം പരിശുദ്ധസഭയുടെ ക്രമത്തില്‍ നടത്തിപ്പിന് ആവശ്യമായിരിക്കുന്ന എല്ലാ ആത്മീയാംശങ്ങളെയും ശുശ്രൂഷിപ്പാനായിട്ട് കാതോലിക്കായെ (അഥവാ മപ്രിയാനായെ) നിങ്ങള്‍ക്കു നിലനിര്‍ത്തുവാന്‍ നാം പ്രേരിതനായി. ദൈവത്തിലും പരിശുദ്ധറൂഹായിലും നാം ശരണപ്പെട്ടു. താന്‍ മനസ്സാകുന്നിടത്തു ഊതുകയും ആവസിക്കുകയും തന്‍റെ ആവാസത്തിന്‍ പ്രകാശത്തില്‍ എല്ലാ ബോധങ്ങളെയും പ്രകാശിപ്പിക്കുകയും ആത്മികങ്ങളും രഹസ്യപരങ്ങളുമായ എല്ലാ നല്‍വരങ്ങളെയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ആത്മാവ് ഇഷ്ടപ്പെടുന്നിടത്തു ഊതുന്നു. അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നു എന്നോ എവിടേക്കു പോകുന്നു എന്നോ നീ അറിയുന്നില്ല. 
നിരണത്തു വിശുദ്ധ ദൈവമാതാവിന്‍റെ പള്ളിയില്‍വച്ചു മലങ്കരയിലെ മെത്രാപ്പോലീത്തന്മാരുടെ തലവനായ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടും ശേഷം മേല്പട്ടക്കാരോടും ദയറാക്കാരോടും ശെമ്മാശന്മാരോടും വിശ്വാസികളുടെ വലിയ ഒരു സമൂഹത്തോടുംകൂടി മിശിഹാകാലം 1912 കന്നി മാസം 2-ാം തീയതി ഞായറാഴ്ച നാം സന്നിഹിതനായി. നിങ്ങളുടെ അപേക്ഷാനുസരണം നമ്മുടെ ആത്മിക വാത്സല്യവാനായ ഈവാനിയോസിനെ ബസ്സേലിയോസ് എന്ന നാമധേയത്തില്‍ (മപ്രിയാനയായി) കിഴക്കിന്‍റെയും ഇന്ത്യയിലും മറ്റുമുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെയും കാതോലിക്കായായി നാം പട്ടം കൊടുത്തിരിക്കുന്നു. തദവസരത്തില്‍ എല്ലാ പിതാക്കന്മാരും ശേഷം ജനങ്ങളും ഒക്സിയോസ്, ഒക്സിയോസ്, ഒക്സിയോസ്, മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാ യോഗ്യനും അര്‍ഹനുമാകുന്നു എന്ന് ഏകസ്വരത്തില്‍ അട്ടഹസിച്ചു പറഞ്ഞു. വിളിക്കു യോഗ്യനായിത്തീര്‍ന്നപ്രകാരം അദ്ദേഹം കാതോലിക്കാ ആയി ആഘോഷിക്കപ്പെടുകയും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. നമ്മുടെ കര്‍ത്താവേശുമിശിഹായാല്‍ പരിശുദ്ധ ശ്ലീഹന്മാര്‍ക്കു ദാനം ചെയ്യപ്പെട്ടതുപോലെ. ദീവന്നാസ്യോസ് അദ്ധ്യക്ഷനായിരിക്കുന്ന മലങ്കര അസ്സോസ്യേഷന്‍ അംഗങ്ങളുടെ ആലോചനയോടുകൂടി പരിശുദ്ധ സഭയുടെ ക്രമപാലനത്തിനാവശ്യമായ എല്ലാ ആത്മിക അംശങ്ങളും പൊതുവായി ശുശ്രൂഷിപ്പാന്‍ അദ്ദേഹത്തിനു പരിശുദ്ധ റൂഹായാല്‍ അധികാരം നല്‍കപ്പെട്ടു. അതായത്, മെത്രാപ്പോലീത്തന്മാരെയും എപ്പിസ്കോപ്പന്മാരെയും പട്ടംകെട്ടുവാനും പരിശുദ്ധ മൂറോന്‍ കൂദാശ ചെയ്യുവാനും ആത്മികങ്ങളായ ശേഷമുള്ള എല്ലാ അംശങ്ങളെയും ശുശ്രൂഷിക്കുവാനും പ്രത്യേകിച്ചു ഇതുവരെയും ഭരിച്ചിരുന്നതുപോലെ കണ്ടനാട് ഇടവകയെ ഭരിപ്പാനും തന്നെ. ഇതു നിമിത്തം നിങ്ങളുടെ സന്തോഷം ആത്മികവും പരിപൂര്‍ണവും ആകുമാറ് ആത്മികശബ്ദത്തില്‍ നമ്മോടൊന്നിച്ച് അവര്‍ ഉച്ചൈസ്തരം ഘോഷിച്ചു.
വീണ്ടും വാഴ്ത്തപ്പെട്ട നമ്മുടെ ആത്മീയമക്കളെ, നിങ്ങള്‍ എല്ലാവരെയും നാം പ്രബോധിപ്പിക്കുന്നതു എന്തെന്നാല്‍ ഈ ബഹുമാന്യനായ പിതാവിനെ നിങ്ങള്‍ അനുസരിക്കേണ്ടതു നിങ്ങളുടെ മുറയാകുന്നു. നിങ്ങള്‍ അദ്ദേഹത്തെ യുക്തമായും ഉചിതമായും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുവിന്‍. എന്തെന്നാല്‍ അദ്ദേഹം നിങ്ങളുടെ തലവനും ഇടയനും ആത്മീയപിതാവുമാകുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നവന്‍ നമ്മെ ബഹുമാനിക്കുന്നു. അദ്ദേഹത്തെ കൈക്കൊള്ളുന്നവന്‍ നമ്മെ കൈക്കൊള്ളുന്നു. അദ്ദേഹത്തിന്‍റെ ചൊവ്വുള്ള വചനങ്ങളെ കൈക്കൊള്ളാതിരിക്കുകയും പരിശുദ്ധസഭയുടെ കാനോനനുസരിച്ചുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്ക് എതിരായി നിന്ന് ധിക്കരിക്കുകയും മത്സരിക്കുകയും ചെയ്യുന്ന എല്ലാവരും കുറ്റക്കാരായിത്തീരുന്നതാണ്. മത്സരത്തില്‍നിന്നും നിയമലംഘനത്തില്‍ നിന്നും സൂക്ഷിച്ചുകൊള്‍വിന്‍. അനുസരിക്കുന്നവരുടെമേല്‍ കര്‍ത്തൃസന്നിധിയില്‍ നിന്നും കൃപയും വാഴ്വും വസിക്കും. അദ്ദേഹം ദൈവകല്പനയെ ലംഘിക്കുകയോ നീതിയുടെ മാര്‍ഗം വെടിഞ്ഞ് നടക്കുകയോ ചെയ്യുകയില്ലെന്ന് ദൈവത്തില്‍ നമുക്കു ശരണമുണ്ട്.
നമ്മുടെ അപേക്ഷ ഇതു മാത്രമാകുന്നു. നമ്മുടെ ഹൃദയ സന്തോഷം പരിപൂര്‍ണമാകുവാന്‍ നിങ്ങള്‍ പരസ്പരം സ്നേഹത്തിലും ഐക്യതയിലും ഇരിപ്പിന്‍.
വീണ്ടും നാം അപേക്ഷിക്കുന്നു. സൈത്തുപര്‍വതത്തില്‍ വച്ച് പരിശുദ്ധ തൃക്കൈകള്‍ നീട്ടി വിശുദ്ധ ശ്ലീഹന്മാരെ വാഴ്ത്തിയവനായ കര്‍ത്താവേശുമിശിഹാ പരിശുദ്ധവും ദൈവികവുമായ അദൃശവലതുകൈ നീട്ടി ദൈവികങ്ങളായ അനുഗ്രഹങ്ങളാല്‍ നിങ്ങളെല്ലാവരെയും വാഴ്ത്തുമാറാകട്ടെ. നിങ്ങളില്‍നിന്നും ശാരീരികവും ആത്മികവുമായ എല്ലാ പരീക്ഷകളെയും കടത്തിക്കളയട്ടെ. നിങ്ങളുടെ സമ്പാദ്യത്തെയും നിങ്ങള്‍ക്കുള്ള സകലത്തെയും താന്‍ വാഴ്ത്തുമാറാകട്ടെ. നിങ്ങളുടെ മുമ്പില്‍ കരുണയുടെ വാതിലിനെ താന്‍ തുറക്കുമാറാകട്ടെ. തന്‍റെ അനുഗ്രഹങ്ങളും കൃപയും നിങ്ങളെല്ലാവരുടെമേലും ചൊരിയുകയും തന്‍റെ വലത്തു തൃക്കൈയാല്‍ നിങ്ങളെ താങ്ങുകയും ചെയ്യുമാറാകട്ടെ. നിങ്ങളുടെ ആത്മാക്കളുടെ രക്ഷയ്ക്കായി താന്‍ നിങ്ങളെ സഹായിക്കുകയും എല്ലാ സല്‍പ്രവൃത്തികളിലും നിങ്ങളെ തുണയ്ക്കുകയും എല്ലാ ദുഷ്പ്രവൃത്തികളില്‍ നിന്നും നിങ്ങളെ വീണ്ടുകൊള്ളുകയും ചെയ്യുമാറാകട്ടെ. നിങ്ങളുടെ ഇടയിലും നിങ്ങളുടെ ഹൃദയത്തിലും തന്‍റെ സ്നേഹം വിതയ്ക്കുകയും നിങ്ങളുടെ ആയുഷ്ക്കാലം മുഴുവനും സുകൃതനടപടികളാല്‍ നിങ്ങളെ നടത്തുകയും ചെയ്യുമാറാകട്ടെ. നിങ്ങളുടെ ദേശത്തു ദൈവം നിങ്ങളെ സമാധാനപ്പെടുത്തുകയും ന്യായാധിപന്മാരുടെ ഹൃദയങ്ങളില്‍ നിങ്ങളെക്കുറിച്ച് കരുണയും ഭയവും തോന്നിക്കുകയും ചെയ്യട്ടെ. സന്തോഷങ്ങളുടെ കാലങ്ങളെ എല്ലായ്പോഴും നിങ്ങള്‍ക്കു നല്‍കുകയും ചെയ്യട്ടെ.
താന്‍ നിങ്ങളുടെമേലും നിങ്ങളുടെ ഭവനങ്ങളുടെമേലും കൃപയും അനുഗ്രഹവും ചൊരിയട്ടെ. നിങ്ങളെയും നിങ്ങളുടെ മരിച്ചവരെയും നീതിമാന്മാരോടും പുണ്യവാന്മാരോടുമൊന്നിച്ച് സ്വര്‍ഗ്ഗരാജ്യത്തിന് താന്‍ യോഗ്യരാക്കിത്തീര്‍ക്കട്ടെ. എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ നിങ്ങള്‍ വന്നു പ്രവേശിച്ച് ലോകസ്ഥാപനത്തിനു മുമ്പേ നിങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗരാജ്യം അവകാശിച്ചുകൊള്‍വിന്‍ എന്നു പറയുന്ന സന്തോഷശബ്ദം നിങ്ങളെയും അവരെയും താന്‍ കേള്‍പ്പിക്കട്ടെ. ആയത് ദൈവമാതാവായ മറിയാമിന്‍റെയും സകല വിശുദ്ധന്മാരുടെയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയാല്‍ തന്നെ. ആമ്മീന്‍.
(ഒപ്പ്)
ദൈവകൃപയാല്‍ പൂര്‍വ്വിക സുറിയാനിജനതയുടെ പാത്രിയര്‍ക്കീസാകുന്ന അബ്ദേദ്മിശിഹാ. മിശിഹാകാലം 1912 കന്നി 2-ാം തീയതി നിരണംപള്ളിയില്‍വച്ച് എഴുതപ്പെട്ടു.
(തര്‍ജ്ജമ: യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ)
(അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസ് ബാവാ മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് തിരുമേനിയെ കാതോലിക്കാ ആയി സ്ഥാനാരോഹണം നടത്തിക്കഴിഞ്ഞ് 1088 കന്നി രണ്ടാം (സെപ്തംബര്‍ 15) തീയതി നിരണത്തു പള്ളിയില്‍ നിന്നും അയച്ച കല്പന)

2. രണ്ടാം കല്പന

സര്‍വ്വശക്തനായി, സാരാംശസമ്പൂര്‍ണ്ണനായിരിക്കുന്ന, ആദിയും അന്തവുമില്ലാത്ത നിത്യന്‍റെ നാമത്തില്‍ തനിക്കു സ്തുതി. അന്ത്യോക്യായിലെ ശ്ലൈഹിക സിംഹാസനത്തിന്‍റെ ബലഹീനനായ രണ്ടാമത്തെ അബ്ദേദ് മിശിഹായാകുന്ന ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ്. 
(മുദ്ര)
ദൈവത്താല്‍ കാക്കപ്പെട്ടിരിക്കുന്ന മലബാര്‍ ദേശവാസികളായ അനുഗ്രഹിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരുമാകുന്ന നമ്മുടെ വാത്സല്യവാന്മാരായ കാതോലിക്കായുടെയും വിശ്വാസികളായ ജനത്തിന്‍റെ തലവന്മാരായ മെത്രാപ്പോലീത്താമാരുടെയും പട്ടക്കാരും ദയറായക്കാരും ശെമ്മാശന്മാരും എപ്പിത്രോപ്പാമാരും വൃദ്ധന്മാരും യൗവനക്കാരും ശിശുക്കളും പൈതങ്ങളും വലിയവരും ചെറിയവരും പുരുഷന്മാരും സ്ത്രീകളുമായി വിശുദ്ധ മാമോദീസായുടെ റൂശ്മായാല്‍ മുദ്രകുത്തപ്പെട്ടിരിക്കുന്നവരുമായ നമ്മുടെ സര്‍വ്വമക്കളുടെയും ശിരസ്സുകളില്‍ ദൈവികസമാധാനവും സ്വര്‍ഗ്ഗീയ വാഴ്വുകളും വന്നാവസിക്കുമാറാകട്ടെ. 
ആയത് ദൈവമാതാവിന്‍റെയും മാര്‍ തോമാശ്ലീഹായുടേയും തന്‍റെ സഖികളാകുന്ന പരിശുദ്ധ ശ്ലീഹന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ, ആമ്മീന്‍.
രണ്ടാം പ്രാവശ്യവും നിങ്ങള്‍ക്ക് നാം ആശീര്‍വാദങ്ങളെ തന്നശേഷം നിങ്ങളുടെ യഥാര്‍ത്ഥ സ്നേഹത്തോട് അറിയിക്കുന്നത്. 
മിദിയാത്തില്‍ നമ്മുടെ ബലഹീനതയുടെ അടുക്കല്‍ നിങ്ങളുടെ എഴുത്തുകള്‍ എത്തിയതു മുതല്‍, മലബാറില്‍ നമ്മുടെ ആത്മീയ മക്കളുടെ ഇടയിലും പള്ളികളിലും അബ്ദുള്ളാ അഫന്‍ഡി വിതച്ചിട്ടുള്ള കുഴപ്പത്തെപ്പറ്റി നമുക്കു വളരെ ഖേദമുണ്ടായി. ദൈവിക തീക്ഷ്ണത നമ്മെ നിര്‍ബന്ധിക്കുകയാല്‍ സര്‍വ്വശക്തനായ ദൈവത്തില്‍ ശരണം വച്ചുകൊണ്ട് നാം എഴുന്നേറ്റു; നിങ്ങളുടെ അപേക്ഷപ്രകാരം മലബാറിലേക്കു വരുന്നതിന് ഉടനെ പുറപ്പെട്ടു. കരുണയുള്ള ദൈവം ഉപദ്രവം കൂടാതെയും വിരുദ്ധങ്ങള്‍ കൂടാതെയും നമ്മെ വഴിനടത്തി സമാധാനപൂര്‍വ്വം നിങ്ങളുടെ അടുക്കലേക്കു കൊണ്ടുവന്നു. നമ്മുടെ പരിശോധനയില്‍ മലങ്കര മെത്രാപ്പോലീത്തയായ ദിവന്നാസ്യോസും അദ്ദേഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന എല്ലാവരും ചൊവ്വുള്ളവരാകുന്നു എന്നു നാം കണ്ടു. ഇവിടെ പരുമല സെമിനാരിയില്‍ നാം യോഗംകൂടി നിങ്ങളുടെ ആവശ്യത്തെപ്പറ്റിയും അബ്ദുള്ളാ അഫന്‍ഡി ചെയ്തിട്ടുള്ള അകാനോനിക ക്രിയകളെപ്പറ്റിയും നമുക്കു മനസ്സിലായി. മലബാറിലെ പരമാര്‍ത്ഥികളായ ദൈവകുഞ്ഞാടുകളുടെ ഇടയില്‍ ഉണ്ടായിട്ടുള്ള കലഹവും കൊലയും നിമിത്തവും നമ്മുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞു. 
നമ്മുടെ ആത്മീയ വാത്സല്യഭാജനങ്ങളേ, അവന്‍റെ ഈ ക്രിയകള്‍ ദൈവത്തില്‍ നിന്നല്ല, പിന്നയോ സാത്താനില്‍ നിന്നത്രേ എന്ന് അറിഞ്ഞുകൊള്ളുവിന്‍. ദൈവിക കര്‍മ്മങ്ങള്‍ അറിയപ്പെട്ടിരിക്കുന്നു. അവ നിരപ്പ്, സമാധാനം, സ്നേഹം മുതലായ ആകുന്നുവല്ലോ. നമ്മുടെ ദൈവമായ മിശിഹാ ഒരുത്തനേയും കൊന്നിട്ടില്ല; കൊല്ലുവാന്‍ കല്പിച്ചിട്ടുമില്ല. എന്നാലോ പരമാര്‍ത്ഥികളായ തന്‍റെ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവന്‍ വയ്ക്കുകയത്രേ ചെയ്തത്. തന്‍റെ ഇടവയയ്ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുവാന്‍ അവിടുന്ന് തന്‍റെ ശിഷ്യരോട് കല്പിക്കുകയും ചെയ്തു. വൃക്ഷം അതിന്‍റെ ഫലങ്ങളാല്‍ അറിയപ്പെടുമെന്ന് അവിടുന്നരുള്‍ചെയ്തിരിക്കുന്നു. 
ഇതുനിമിത്തം നമ്മുടെ കര്‍ത്താവിന്‍റെ കല്പനയ്ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്നവന്‍ തന്‍റെ സഭയെ പണിയുന്നില്ലെന്നും "അന്ത്യോക്യയിലെ ശ്ലൈഹിക സിംഹാസനത്തെ ഞങ്ങള്‍ സഹായിക്കുന്നു" എന്ന് അവര്‍ പറയുന്നത് പരമാര്‍ത്ഥികളെ വഞ്ചിപ്പാനാകുന്നു എന്നും നിങ്ങള്‍ തിരിച്ചറിഞ്ഞു കൊള്ളുവിന്‍. സിംഹാസനത്തിന്‍റെ നിലനില്പ് കൊലപാതകത്തിലോ, അത്യാഗ്രഹത്തിലോ, വഞ്ചനയിലോ, വ്യാജത്തിലോ, ലൗകികാധികാരത്തിലോ അല്ലെന്ന് അവര്‍ അറിയുന്നില്ല. എന്തെന്നാല്‍ ഇവ ലോകത്തിന്‍റേയും ജഡത്തിന്‍റേയും മോഹത്തില്‍ നിന്നല്ലാതെ ദൈവിക തീക്ഷ്ണതയില്‍ നിന്നു ജനിക്കുന്നവയല്ല എന്നു മനസ്സിലാക്കുവിന്‍. 
നമ്മുടെ വാത്സല്യമക്കളേ, നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. നിത്യജീവന്‍ സമ്പാദിക്കണമെങ്കില്‍ ഇപ്രകാരമുള്ള മാര്‍ഗ്ഗങ്ങളില്‍ നിന്ന് അകന്നുകൊള്‍വിന്‍. എന്നാല്‍ വലിയ ദുഃഖത്തോടെ നമ്മുടെ കര്‍ത്താവേശുമിശിഹായോട് നാം അപേക്ഷിച്ചപ്പോള്‍ നിങ്ങളുടെ അപേക്ഷയും ആവശ്യവും നിവൃത്തിക്കുന്നതു നല്ലതാകുന്നു എന്നു വിശുദ്ധാത്മാവു മൂലം താന്‍ നമ്മെ അറിയിച്ചു. ഇതു നിമിത്തം ദൈവകൃപയാല്‍ നിങ്ങളുടെ അപേക്ഷപോലെ ബസ്സേലിയോസ് എന്ന നാമത്തില്‍ മഫ്രിയാനായേയും അതായത് കാതോലിക്കായെയും, മൂന്നു പുതിയ മെത്രാന്മാരെയും വാഴിച്ചു. അവരില്‍ ഒന്നാമതായി ഗീവറുഗീസ് ഗ്രീഗോറിയോസും, രണ്ടാമതായി യൂയാക്കീം ഈവാനിയോസും മൂന്നാമതായി ഗീവറുഗീസ് പീലക്സിനോസും ആകുന്നു. നാം കാതോലിക്കായെ വാഴിക്കാതിരുന്നാല്‍ മലബാറിലെ നമ്മുടെ സഭ പല കാരണങ്ങളാല്‍ വെടിപ്പിലും വിശുദ്ധിയിലും നിലനില്‍ക്കയില്ലെന്ന് നമുക്കു മനസ്സിലായി. എന്നാല്‍, ഇപ്പോള്‍ കര്‍ത്താവിന്‍റെ ശക്തിയാല്‍ വെടിപ്പിലും വിശുദ്ധിയിലും എന്നേക്കും അതു നിലനില്‍ക്കുമെന്നും അന്ത്യോഖ്യാ സിംഹാസനത്തോടുള്ള സ്നേഹബന്ധത്തിന്‍റെ സംബന്ധത്തില്‍ മുമ്പിലത്തേക്കാള്‍ അധികമായി അതു സ്ഥിരപ്പെടുമെന്നും നാം അറിയുന്നു. ഇതാകുന്നു നമ്മുടെ ഹൃദയത്തിന് സന്തോഷവും. 
കണ്ടാലും, ഇപ്പോള്‍ നമ്മുടെ മക്കളെ, നിങ്ങള്‍ സമാധാനത്തോടെ വസിപ്പിന്‍. നാമോ ദൈവതിരുവിഷ്ടപ്രകാരം പോകുന്നു. നാം പോകുന്നു എന്നിരുന്നാലും നിങ്ങളെ ഒരിക്കലും നാം മറക്കുന്നതല്ലെന്ന് നിങ്ങള്‍ വിശ്വസിപ്പിന്‍. എന്നാലോ ഇടവിടാതെ സ്വര്‍ഗത്തിലേക്കു നമ്മുടെ കണ്ണുകളെ ഉയര്‍ത്തി നമ്മുടെ രക്ഷിതാവായ മിശിഹായുടെ വിലയേറിയ രക്തത്താല്‍ വിലയ്ക്കുകൊള്ളപ്പെട്ട പരമാര്‍ത്ഥമുള്ള കുഞ്ഞാടുകളായ നിങ്ങള്‍ക്കുവേണ്ടി അപേക്ഷകളും പ്രാര്‍ത്ഥനകളും കഴിക്കുന്നതാകുന്നു. നമുക്കുവേണ്ടിയും നമ്മുടെ സമൂഹം ഒക്കെക്കുവേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍. സ്നേഹത്തിലും നിരപ്പിലും സമാധാനത്തിലും ഇരിപ്പിന്‍. നിങ്ങളുടെ ശത്രുക്കള്‍ക്കുവേണ്ടിയും വൃഥാ നിങ്ങളെ ശപിക്കുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍.
ആ അപഹാരിയുടെ കാനോനികമല്ലാത്തവയും കാരണമില്ലാത്തവയുമായ മുടക്കുകളെയും ശാപങ്ങളെയും നിങ്ങള്‍ ഭയപ്പെടേണ്ട. കലഹമുണ്ടാക്കുന്നവരെ നിങ്ങള്‍ ചെവിക്കൊള്ളരുത്. നന്മയായാലും തിന്മയായാലും അവരുടെ പ്രവൃത്തികള്‍ക്ക് തക്കവണ്ണം ദൈവം അവരോടു പ്രതികാരം ചെയ്യട്ടെ. പ്രധാന ഇടയനാകുന്ന നമ്മുടെ കര്‍ത്താവേശുമിശിഹായുടെ തൃക്കൈകളില്‍ നിങ്ങളെ നാം ഭരമേല്പിക്കുന്നു. താന്‍ നിങ്ങളെ പരിപാലിച്ചുകൊള്ളട്ടെ.
നിങ്ങളുടെ ഇടയന്മാര്‍, അതായതു കാതോലിക്കായും മെത്രാപ്പോലീത്തന്മാരും, നിങ്ങള്‍ക്കുള്ള സകല ആവശ്യങ്ങളെയും നിവൃത്തിക്കുമെന്ന് ഞാന്‍ ശരണപ്പെടുന്നു. കാതോലിക്കാ, മെത്രാപ്പോലീത്തന്മാരോടുകൂടെ നമ്മുടെ പരിശുദ്ധ പിതാക്കന്മാരുടെ കാനോനാകള്‍ക്ക് അനുസരണമായിട്ടു നിങ്ങള്‍ക്കു മേല്പട്ടക്കാരെ വാഴിക്കുകയും മൂറോന്‍ കൂദാശ ചെയ്യുകയും ചെയ്യും. കാതോലിക്കാ നിര്യാണം പ്രാപിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്തില്‍ ഒരു കാതോലിക്കായെ വാഴിക്കാന്‍ നിങ്ങളുടെ മെത്രാന്മാര്‍ക്ക് അംഗീകാരവും അവകാശവും ഉണ്ട്. ഇതില്‍ നിന്നും നിങ്ങളെ വിരോധിപ്പാന്‍ ഒരുത്തനും അധികാരമില്ല. എന്നാല്‍, സകലവും ക്രമമായും പതിവുപോലെയും മലങ്കര മെത്രാപ്പോലീത്തായാകുന്ന ദീവന്നാസ്യോസ് അദ്ധ്യക്ഷനായിരിക്കുന്ന കമ്മിറ്റിക്കാരുടെ ആലോചനയോടുകൂടെയും ചെയ്യണം. 
നിങ്ങളുടെ സ്നേഹത്തോട് നാം അപേക്ഷിക്കുകയും നമ്മുടെ കര്‍ത്താവേശുമിശിഹായുടെ നാമത്തില്‍ നിങ്ങളോട് സല്‍ബുദ്ധി ഉപദേശിക്കുകയും ചെയ്യുന്നു. കാതോലിക്കായ്ക്കും ശ്ലീഹായ്ക്കുമടുത്ത നമ്മുടെ വിശുദ്ധസഭ ഏതിന്മേല്‍ പണിയപ്പെട്ടിരിക്കുന്നവോ ആ പത്രോസിന്നടുത്ത നിങ്ങളുടെ സത്യവിശ്വാസത്തില്‍ നിന്ന് നിങ്ങള്‍ തെറ്റി പോകരുത്. അന്ത്യോഖ്യായുടെ ശ്ലീഹായ്ക്കടുത്ത സിംഹാസനവുമായുള്ള സ്നേഹബന്ധത്തിന്‍റെ ബന്ധത്തില്‍ നിന്ന് അപഹാരിയായ ഒരുവന്‍റെ ന്യായമല്ലാത്ത ക്രിയകള്‍ നിമിത്തം നിങ്ങള്‍ വേര്‍പിരിയരുത് എന്ന് നിങ്ങളുടെ സത്യസ്നേഹത്തോട് നാം കല്പിക്കുന്നു. മുമ്പിലത്തെ നിങ്ങളുടെ പുണ്യവാന്മാരായ പിതാക്കന്മാരെപ്പോലെ നിങ്ങള്‍ അനുസരണമുള്ളവരും തിരിച്ചറിവുള്ളവരുമാണെന്നു നാം അറിയുന്നു. നിങ്ങളുടെ ജ്ഞാനത്തിന് ഇതു മതി. അല്പത്തില്‍ നിന്ന് വളരെ നിങ്ങള്‍ മനസ്സിലാക്കും. കര്‍ത്താവില്‍ ശുഭമായിരിപ്പിന്‍. 
നമ്മുടെ കര്‍ത്താവീശോമിശിഹായോട് നാം വീണ്ടും അപേക്ഷിക്കുന്നതെന്തെന്നാല്‍, സെഹിയോന്‍ മാളികയില്‍വച്ച് പരിശുദ്ധശ്ലീഹന്മാരുടെ മേല്‍ നീട്ടി അവരെ വാഴ്ത്തിയതും, അനുഗ്രഹങ്ങളും വാഴ്വുകളും നിറഞ്ഞതും, പരിശുദ്ധ കര്‍തൃത്വത്തിനടുത്തതുമായ വലത്തുകൈ നമ്മുടെ ബലഹീനതയുടെ വലത്തുകൈയോടുകൂടി നീട്ടി നിങ്ങളെല്ലാവരെയും അനുഗ്രഹിക്കുകയും നിങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കുകയും വിശ്വാസികളായ നിങ്ങളുടെ പരേതരെ പുണ്യപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. 
"എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനത്തിനുമുമ്പ് നിങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിനകത്തുപ്രവേശിച്ച് അവകാശപ്പെടുത്തിക്കൊള്ളുവിന്‍" എന്ന് വലത്തുഭാഗത്തുള്ളവരോട് അരുളിചെയ്യുന്ന സന്തോഷപ്രദമായ ശബ്ദം കേള്‍ക്കുവാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ മരിച്ചുപോയവര്‍ക്കും ഇടയാകട്ടെ. 
ആയത് ദൈവമാതാവായ മറിയാമിന്‍റെയും സകല പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും വിശുദ്ധശ്ലീഹന്മാരുടെയും ഇന്ത്യയുടെ കാവല്‍ക്കാരനായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍. 
1913-ാമാണ്ട് ശ്ബോത്ത് മാസം 8-ാം തീയതി പരുമല സെമിനാരിയില്‍ നിന്ന്.
(അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് ബാവാ 1088 കുംഭം 8-ാം തീയതി പരുമല സെമിനാരിയില്‍ നിന്നും പുറപ്പെടുവിച്ച രണ്ടാമത്തെ കല്പനയുടെ പ്രസക്ത ഭാഗം)